photo
പുത്തൂർ മണ്ഡപം പുനർ നിർമ്മാണത്തിനായി ഒരുക്കിയ അടിസ്ഥാനം

കൊല്ലം: തദ്ദേശ തിര‌ഞ്ഞെടുപ്പ് അടുക്കുമ്പോഴും പുത്തൂർ മണ്ഡപത്തിന്റെ പുനർ നിർമ്മാണക്കാര്യത്തിൽ നടപടിയില്ല, പ്രചാരണ ആയുധമാക്കാൻ ബി.ജെ.പി തയ്യാറെടുക്കുന്നു. പഴയ മണ്ഡപം നിന്നിടത്ത് നിന്ന് പുത്തൂർ-ഞാങ്കടവ് റോഡിലേക്ക് മൂന്നര മീറ്റർ അകലത്തിലാണ് പുതിയ മണ്ഡപം നിർമ്മിക്കാൻ തുടങ്ങിയിരുന്നതെങ്കിലും ഇത് അടിത്തറക്കല്ലിൽ മാത്രം ഒതുങ്ങി. പഴയ മണ്ഡപത്തിന്റെ കല്ലുകൾ അടുക്കി അടിസ്ഥാനത്തിന്റെ ആദ്യപടി ജോലികൾ ചെയ്തുവെങ്കിലും അടിസ്ഥാനംപോലും ഇതുവരെ പൂർത്തിയായിട്ടില്ല. തമിഴ് നാട്ടിൽ നിന്നും കൊത്തിയ കല്ലുകൊണ്ടുവരാൻ കഴിയാഞ്ഞതിനാലാണ് നിർമ്മാണം മുടങ്ങിയതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നാടിന്റെ പൈതൃകത്തെ അവഹേളിക്കുംവിധത്തിലാണ് മണ്ഡപം പകുതി അടിത്തറയിൽ മാത്രമൊതുങ്ങിയതെന്ന് ബി.ജെ.പിയും മറ്റ് ഹിന്ദു സംഘടനകളും ആരോപിക്കുന്നു.

നിർമ്മാണക്കാര്യത്തിൽ അലംഭാവം

നാടിന്റെ പൊതു വികാരമെന്ന നിലയിൽ മണ്ഡപത്തിന്റെ വിഷയം തിരഞ്ഞെടുപ്പ് രംഗത്ത് ചർച്ചയാക്കാനാണ് അവർ ആലോചിച്ചിട്ടുള്ളത്. പവിത്രേശ്വരം, നെടുവത്തൂർ, കുളക്കട ഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലമായ പുത്തൂരിന്റെ എക്കാലത്തെയും അടയാളമാണ് കൊട്ടാരക്കര- ശാസ്താംകോട്ട റോഡരികിലെ മണ്ഡപം. 2016 നവംബർ 30ന് കെ.എസ്.ആർ.ടി.സി ബസിടിച്ച് മണ്ഡപം പൂർണമായും നിലംപൊത്തി. മണ്ഡപം പുനർ നിർമ്മിക്കണമെന്ന ആവശ്യം അന്നുമുതൽ ഉയരുന്നുണ്ട്. വാദപ്രതിവാദങ്ങളും പ്രതിഷേധങ്ങളുമൊക്കെ ഒത്തിരി നടന്നതുമാണ്. ഒടുവിൽ മണ്ഡപം നിന്നിരുന്നിടത്തുനിന്നും മൂന്നര മീറ്റർ അകലമിട്ട് ഞാങ്കടവ് റോഡിലായി പുനർ നിർമ്മിക്കുന്നതിന് തീരുമാനമെടുക്കുകയും ഇതിനായി പി.ഐഷാപോറ്റി എം.എൽ.എ ഏഴര ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. നിർമ്മിതി കേന്ദ്രത്തിന് നിർമ്മാണ ചുമതലയും നൽകിയതാണ്. എന്നാൽ മണ്ഡപത്തിന്റെ നിർമ്മാണക്കാര്യത്തിൽ അലംഭാവം തുടരുകയാണ്.