tm

മൺറോത്തുരുത്ത്: കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവച്ചിരുന്ന മൺറോത്തുരുത്തിലെ വില്ലേജ് ടൂറിസം ഇളവുകളെ തുടർന്ന് പുനരാരംഭിച്ചു. ജില്ലാ ടൂറിസം അധികാരികളും മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്ത് അധികൃതരും ഹോം സ്റ്റേ, റിസോർട്ട് ഉടമകൾ, വഞ്ചിക്കാർ, ബോട്ട് ഉടമകൾ തുടങ്ങിയ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരും തമ്മിൽ നടന്ന ചർച്ചയിലാണ് ആരോഗ്യവകുപ്പിന്റെ കർശന നിയന്ത്രണങ്ങളോടെ ടൂറിസം പുനരാരംഭിക്കാൻ ധാരണയായത്.

പരമ്പരാഗത തൊഴിൽ മാർഗങ്ങളെല്ലാം നിശ്ചലമാകുകയും പാരിസ്ഥിതികാഘാതം നിമിത്തം കാർഷിക വിളകൾക്ക് നാശം സംഭവിക്കുകയും ചെയ്തതോടെ ജനങ്ങൾ മറ്റ് ജീവിതമാർഗങ്ങൾ തേടിയലയുന്ന സന്ദർഭത്തിലാണ് സഞ്ചാരികൾ തുരുത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ വീണ്ടും എത്തിത്തുടങ്ങുന്നത്. ഇതോടെ മേഖലയിൽ ചെറിയതോതിൽ തൊഴിലവസരങ്ങൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

മൺറോത്തുരുത്തിന്റെ പല ഭാഗങ്ങളിലായി വഞ്ചിക്കാർ സഞ്ചാരികളെ തുരുത്ത് ചുറ്റിക്കാണിക്കാൻ കാത്തുകിടക്കാൻ തുടങ്ങി. അങ്ങിങ്ങായി ഏതാനും റിസോർട്ടുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ലോണെടുത്തും പണയപ്പെടുത്തിയുമൊക്കെ ഹോംസ്റ്റേകളും ഭക്ഷണശാലകളുമൊക്കെ ആരംഭിച്ചവർ സഞ്ചാരികളുടെ മടങ്ങിവരവിൽ പ്രതീക്ഷയർപ്പിച്ച് തുടങ്ങി.
മൺറോത്തുരുത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തിയാണ് കൊവിഡ് മഹാമാരി കടന്നുവന്നത്. തുരുത്തിലെ വിനോദ സഞ്ചാരം പൂർവസ്ഥിതി കൈവരിക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരുമായിരിക്കാം. എങ്കിലും പട്ടിണിയുടെ പടിവക്കിലെത്തിയ ജനത പുതിയ സ്വപ്നങ്ങൾ കണ്ടുറങ്ങുകയാണ് ഇപ്പോൾ.

 ജീവിതം കരുപ്പിടിപ്പിക്കാൻ ആവശ്യങ്ങൾ ഏറെയുണ്ട്

01. ടൂറിസം മേഖലയിൽ അനുവദിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണം

02. മൺറോത്തുരുത്തിലേക്ക് കരമാർഗമുള്ള ഏക യാത്രാമാർഗമായ ചിറ്റുമല - മൺറോത്തുരുത്ത് റോഡിന്റെ പുനർനിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം

03. മണക്കടവ് മൺറോ ഡ്രൈവിലെ റോഡ് അറ്റകുറ്റപ്പണി നടത്തണം

04. ഗ്രാമ പഞ്ചായത്തിലെ വഴികളിലെല്ലാം തെരുവുവിളക്കുകൾ സ്ഥാപിക്കണം

05. ചിറയിൽ തോട്ടിൽ തോണിയിൽ പോകുന്നവർക്ക് അപകട ഭീഷണിയാകുന്ന നടപ്പാലങ്ങൾ അടിയന്തരമായി പൊളിച്ചുനീക്കണം

06. കൊവിഡ് വ്യാപന സാഹചര്യത്തിൽ ഇടിക്കടവ് പാലത്തിന് സമീപം സഞ്ചാരികളെ തെർമ്മൽ സ്കാനിംഗ് നടത്തി നിർദ്ദേശങ്ങൾ നൽകാൻ ആരോഗ്യ വകുപ്പിന്റെ കിയോക്സ് സ്ഥാപിക്കണം