 
 വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു
കൊല്ലം: മയ്യനാട് കൈതപ്പുഴയിൽ കമ്മിഷണറുടെ ഡാൻസാഫ് ടീമും ഇരവിപുരം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ ട്രോളി ബാഗിൽ വലിയ പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കൈതപ്പുഴ പാലത്തിനടുത്ത് സുനിൽ മന്ദിരത്തിൽ അനു എന്ന് വിളിക്കുന്ന അനിൽ കുമാറിന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു റെയ്ഡ്. അനിൽകുമാറിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ജില്ലയിൽ കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
സമാനമായ കേസുകളിൽ നേരത്തേയും അനിൽകുമാർ പിടിയിലായിട്ടുണ്ട്. ഓച്ചിറയിൽ നിന്ന് കഞ്ചാവ് വാങ്ങിയെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ പൊലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. ആന്ധ്രയിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ കൊണ്ടുവന്നതാകാം കഞ്ചാവെന്നാണ് നിഗമനം. കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും ഇവിടെ നിന്ന് പിടിച്ചെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കഞ്ചാവ് വിൽപ്പനക്കാർക്ക് നൽകുന്നതിനായി വാങ്ങി കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് ലക്ഷങ്ങൾ വില വരും.
ദിവസങ്ങളായി പൊലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു അനിൽകുമാർ. മൂന്ന് ദിവസമായി ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ല. സ്ഥലത്തെത്തിയപ്പോഴാണ് പൊലീസ് സംഘം റെയ്ഡ് നടത്തി കഞ്ചാവ് കണ്ടെടുത്തത്. കൈതപ്പുഴയിൽ കഞ്ചാവ് പിടിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ എക്സൈസ് സി.ഐ കൃഷ്ണകുമാർ പ്രതിയുടെ ദേഹപരിശോധന നടത്തി. രണ്ട് ദിവസത്തിനിടെ മയ്യനാട് പഞ്ചായത്ത് പ്രദേശത്തെ രണ്ടാമത്തെ കഞ്ചാവ് വേട്ടയാണിത്. വെള്ളിയാഴ്ച പട്ടരുമുക്കിൽ നിന്ന് മൂന്നര കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി ഉൾപ്പെടെ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടിയിരുന്നു.
ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദ്, ഇരവിപുരം എസ്.ഐ എ.പി. അനീഷ്,, ഡാൻസാഫ് ടീം എസ്.ഐ ജയകുമാർ, എസ്.ഐമാരായ ബിനോദ് കുമാർ, വനിതാ എസ്.ഐ നിത്യാസത്യൻ, സന്തോഷ്, സുനിൽ, എ.എസ്.ഐ ഷിബു.ജെ.പീറ്റർ, എസ്.സി.പി.ഒ രാജേഷ്, ഡാൻസാഫ് ടീം അംഗങ്ങളായ ബൈജു പി. ജെറോം, മനു, ബൈജു, സീനു, റൂബി, കൺട്രോൾ റൂമിൽ നിന്നെത്തിയ മനോജ്, സുജീഷ് ഗോപി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.