
 മൂന്ന് തദ്ദേശ സ്ഥാപനങ്ങൾ സംയുക്ത ആസൂത്രണ മേഖല
കൊല്ലം: കൊല്ലം നഗരസഭയെയും തൊട്ടടുത്തുള്ള നീണ്ടകര, കൊറ്റങ്കര പഞ്ചായത്തുകളെയും സംയുക്ത ആസൂത്രണ മേഖലയായി പ്രഖ്യാപിച്ചു. നഗരത്തിലെ വമ്പൻ പദ്ധതികൾ നീണ്ടകര, കൊറ്റങ്കര പഞ്ചായത്തുകൾക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തിലാകും ഇനി നടപ്പാക്കുക.
പ്രഖ്യാപനത്തിന്റെ ഭാഗമായി മൂന്ന് തദ്ദേശ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ അടങ്ങിയ സംയുക്ത ആസൂത്രണ സമിതിയും വൈകാതെ നിലവിൽ വരും. നഗരസഭാ മേയർ, സെക്രട്ടറി, നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷൻ, ഇരുപഞ്ചായത്തുകളുടെയും പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരാണ് സമിതിയിൽ ഉണ്ടാകുക. നഗരത്തിലെ വൻകിട അടിസ്ഥാന വികസന പദ്ധതികൾ ഈ സമിതി കൂടി ചർച്ച ചെയ്താകും അന്തിമ രൂപം നൽകുക. ഉദാഹരണത്തിന് നഗരത്തിലെ മലിനജല സംസ്കരണത്തിനായി ഒരു പദ്ധതി വരികയാണെങ്കിൽ അത് നീണ്ടകര, കൊറ്റങ്കര പഞ്ചായത്തുകൾക്ക് കൂടി പ്രയോജനപ്പെടുത്താൻ ശ്രമിക്കും.
കൊറ്റങ്കരയും നീണ്ടകരയും നിലവിൽ പഞ്ചായത്തുകളായി നിലനിൽക്കുകയാണെങ്കിലും മേഖലയിൽ നഗരസ്വഭാവം വന്ന് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഗതിവേഗം വർദ്ധിപ്പിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കൂടി ഒരുക്കുകയാണ് പ്രഖ്യാപനത്തിന്റെ ലക്ഷ്യം.
 മാസ്റ്റർ പ്ളാൻ തയ്യാറാകുന്നു
2012ൽ പ്രസിദ്ധീകരിച്ച കൊല്ലം നഗരത്തിന്റെ കരട് മാസ്റ്റർ പ്ലാൻ നീണ്ടകര, കൊറ്റങ്കര, തൃക്കടവൂർ പഞ്ചായത്തുകളെയും കൂടി ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയത്. 2015ലെ അതിർത്തി പുനർനിർണയത്തിൽ തൃക്കടവൂർ പഞ്ചായത്ത് നഗരസഭയിൽ ലയിപ്പിച്ചു. ഇപ്പോൾ കൊല്ലത്തിന്റെ മാസ്റ്റർ പ്ലാൻ അന്തിമമാക്കി പ്രസിദ്ധീകരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.
നേരത്തെ മാസ്റ്റർ പ്ലാൻ നഗരസഭാ കൗൺസിൽ യോഗം മാത്രം ചർച്ച ചെയ്ത് അംഗീകരിച്ചാൽ മതിയായിരുന്നു. സംയുക്ത ആസൂത്രണ മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സംയുക്ത ആസൂത്രണ സമിതിയാണ് കരട് മാസ്റ്റർ പ്ലാൻ പരിശോധിച്ച് അംഗീകാരം നൽകേണ്ടത്.
 മേഖലയിൽ
 കൊല്ലം നഗരസഭ
 കൊറ്റങ്കര ഗ്രാമ പഞ്ചായത്ത്
 തൃക്കടവൂർ ഗ്രാമ പഞ്ചാത്ത്