 
കരുനാഗപ്പള്ളി: കാവ് സംരക്ഷണത്തിന്റെ പാഠങ്ങൾ പുതിയ തലമുറക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ കാവുകൾ പ്രകൃതിയുടെ വിശുദ്ധ വനങ്ങൾ എന്ന പദ്ധതിക്ക് കെന്നഡി പരിസ്ഥിതി ക്ലബ് തുടക്കം കുറിച്ചു. 185 വർഷം പഴക്കമുള്ള പരവൂർ ആയിരവല്ലി ക്ഷേത്രത്തിലെ ഇലിപ്പ മരത്തെയും നാല് ഏക്കറോളം വരുന്ന കാവിലെ പൈതൃക മരങ്ങളെയും സംരക്ഷിച്ച് പോരുന്ന ക്ഷേത്രം ഭരണസമിതി അംഗങ്ങളെ ആദരിച്ച് കൊണ്ടാണ് ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കാവുകൾ സംരക്ഷിക്കുന്നവരെ ആദരിക്കുക, കാവുകളുടെ ചരിത്രം ശേഖരിക്കുക, കാവുകളിൽ മരങ്ങൾ നടുക എന്നീ പ്രവർത്തനങ്ങളാണ് ഇതിനോടനുബന്ധിച്ച് നടപ്പിലാക്കുന്നത്. ക്ഷേത്ര ഭരണ സമിതി അംഗം ഹരീഷ് കുമാറിനും മറ്റ് അംഗങ്ങൾക്കും ആദരവ് നൽകി കൊണ്ട് മാനേജർ മായാ ശ്രീകുമാർ പരിപാടിക്ക് തുടക്കം കുറിച്ചു. ദേവസ്വം അംഗവും തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞനുമായ ഡോ.ലത്തൻകുമാർ ഇലിപ്പമരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു.പി .ടി .എ പ്രസിഡന്റ് ലാൽജി പ്രസാദ് , പി .ടി. എ അംഗം അശോകൻ അമ്മ വീട് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിൾ മാത്യു, മീരാ സിറിൾ, ഗംഗാറാം കണ്ണമ്പള്ളി, എൻ.എസ്.എസ് കോ ഓർഡിനേറ്റർ സജിത് പുളിമൂട്ടിൽ , കോ-ഓർഡിനേറ്റർ സുധീർ ഗുരുകുലം പരിസ്ഥിതി ക്ലബ് അംഗങ്ങളായ അലൻ എസ് പൂമുറ്റം, ബസാം കാട്ടൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.