200 കോടി ചെലവിൽ
.24 മീറ്റർ വീതിയിൽ 4 വരി
പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതക്ക് സമാന്തരമായി 200 കോടിയോളം രൂപ ചെലവഴിച്ചു പുനലൂർ ടൗണിൽ കയറാതെ പുതിയ ബൈപ്പാസ് റോഡ് വരുന്നു. ബൈപ്പാസ് പാത കടന്ന് പോകാൻ പറ്റിയ പ്രദേശങ്ങളിൽ സാദ്ധ്യത പഠനം നടത്താൻ മന്ത്രി കെ.രാജു എൻജിനിയർമാരുമായി പുനലൂരിൽ എത്തി. കിഫ്‌ബിയുടെ ഫണ്ട് ഉപയോഗിച്ചാണ് ബൈപ്പാസ് നിർമ്മാണം ആരംഭിക്കുന്നത്.പുനലൂരിലെ പൊതുമരാമത്ത് വകുപ്പിന്റെ ഗസ്റ്റു ഹൗസിൽ ഉദ്യോസ്ഥരും ജനപ്രതിനിധികളുമായി മന്ത്രി പ്രാഥമിക ചർച്ചകൾ നടത്തിയ ശേഷമായിരുന്നു സ്ഥലപരിശോധന നടത്തിയത്.
മന്ത്രിയും ജനപ്രതിനിധികളും സ്ഥലങ്ങൾ പരിശോധിച്ചു
ദേശീയ പാത കടന്ന് പോകുന്ന ഇളമ്പലിന് സമീപത്തെ ആരംപുന്നയിൽ നിന്നും ആരംഭിച്ച് ചെമ്മന്തൂർ, മുളന്തടം ,തൊളിക്കോട് ജംഗ്ഷൻ വഴി കല്ലടയാറ്റ് തീരത്ത് എത്തും. തുടർന്ന് കല്ലടയാറിനും തൊളിക്കോട് ആറിനും മദ്ധ്യേ പുതിയ ഓരോ പാലം നിർമ്മിച്ച ശേഷം ഐക്കരക്കോണമോ, പാപ്പന്നൂർ വഴിയോ ദേശീയ പാതയിലെ കലയനാട്ടും പ്ലച്ചേരിയിലും ബൈപ്പാസ് എത്തിക്കാവുന്ന തരത്തിലാണ് പ്രാഥമിക പരിശോധന നടത്തിയത്. ഇത് കൂടാതെ ചെമ്മന്തൂരിൽ നിന്നാരംഭിച്ചു ചൗക്ക റോഡ്,ശ്രീരാമപുരം മാർക്കറ്റ് വഴി ശിവൻ കോവിൽ റോഡിൽ എത്തിയ ശേഷം കല്ലടയാറിന് മദ്ധ്യേ പുതിയ പാലം പണിത ശേഷം നെല്ലിപ്പള്ളി, ചാലിയക്കര വഴിയും ബോയിസ് ഹൈസ്കൂളിന് സമീപത്ത്കൂടിയും കലയനാട്ട് എത്താവുന്ന നിലയിൽ ബൈപ്പാസ് നടപ്പിലാക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. എന്നാൽ മാർക്കറ്റിന് സമീപത്ത് കൂടി ബൈപ്പാസ് കടന്ന് പോകേണ്ടി വരുമ്പോൾ റെയിൽവേയുടെ അനുമതി വാങ്ങേണ്ടി വരും. അത് പണികൾക്ക് കാലതാമസം നേരിടേണ്ടി വരുമെന്നത് കണക്കിലെടുത്തു ഇത് വഴി ബൈസ് കടന്ന് പോകുന്നത് ഉപേക്ഷിക്കാനാണ് പദ്ധതിയിട്ടത്.ഇത് കണക്കിലെടുത്ത് ദേശീയ പാത കടന്ന് പോകുന്ന ആരംപുന്ന, മഞ്ഞ മൺകാല,ചെമ്മന്തൂർ ഗ്രൗണ്ട്, പ്ലാത്തറ, മുളന്തടം, തൊളിക്കോട് ജംഗ്ഷൻ, മണിയാർ റോഡിലെ തൊളിക്കോട് പാലം തുടങ്ങി ബൈപ്പാസ് പാത കടന്ന് പോകാൻ ലക്ഷ്യമിടുന്ന സ്ഥലങ്ങൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിശോധിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
ഗതാഗതക്കുരുക്ക് ഒഴിവാകും
ദേശീയ പാത കടന്ന് പോകുന്ന പുനലൂർ പട്ടത്തിലെ ഗതാഗത കുരുക്ക് ഒഴിവാകും. പുതിയ ബൈപ്പാസ് റോഡ് പണിയുന്നത്.24 മീറ്റർ വീതിയിൽ നാല് വരിയായിട്ടാണ് പുതിയ ബൈപ്പാസ് പാത പണിയാൻ ലക്ഷ്യമിടുന്നത്.പരമാവധി വീടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ ഒഴിവാക്കും .പാലങ്ങൾ, കലങ്കുകൾ തുടങ്ങിയവയുടെ എണ്ണങ്ങൾ പരമാവധി കുറച്ചായിരിക്കും പുതിയ ബൈപ്പാസ് പണിയാൻ ഉദ്ദേശിക്കുന്നത്. നഗരസഭ ചെയർമാൻ കെ.എ.ലത്തീഫ്, മുൻ ചെയർമാൻമാരായ കെ.രാജശേഖരൻ, കെ.രാധാകൃഷ്ണൻ , പൊതുമരാമത്ത് വകുപ്പ് (റോഡ്‌സ് ) അസി.എക്സിക്യൂട്ടീവ് എൻജിനിയർ അലക്സ്, അസി.എൻജിനീയർ രാഹുൽ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ്, സി.പി. എം ഏരിയ കമ്മിറ്റി അംഗം ടൈറ്റസ് സെബാസ്റ്റ്യൻ, ജെ.ഡേവിഡ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്ഥല പരിശോധന നടത്തിയത്.
ഉന്നത ഉദ്യോഗസ്ഥർ വീണ്ടും പുനലൂരിൽ എത്തി സ്ഥലപരിശോധന നടത്തും.തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കിഫ്‌ബിയുടെ പ്രതിനിധികളുമായി ചർച്ച നടത്തും. പിന്നീടു പദ്ധതി തയ്യാറാക്കി കിഫ്‌ബിയെ ഏൽപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
മന്ത്രി കെ.രാജു