 
21 വാർഡുകളിൽ 30 വായനശാലകൾ
അഞ്ചൽ: വായിച്ചുവളരുക എന്ന മുദ്രാവാക്യം കേരളമാകെ വ്യാപിപ്പിച്ച പി.എൻ. പണിക്കരുടെ എല്ലാ ഗ്രാമങ്ങളിലും വായനശാല എന്ന സ്വപ്നം സാക്ഷാത്ക്കരിച്ച ആദ്യ പഞ്ചായത്താണ് ഇട്ടിവ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വായനശാലകൾ ഉള്ളതും ഇട്ടിവയിൽ തന്നെ. ഇരുപത്തിയൊന്ന് വാർഡുകളിലായി മുപ്പത് വായനശാലകളാണ് ഈ ഗ്രാമത്തിലുള്ളത്. മാത്രമല്ല പഞ്ചായത്തിൽ ആകെയുളള നാൽപ്പതിനായിരത്തോളം ആളുകളിൽ പകുതിയോളം പേരും വായനശാലകളിൽ അംഗങ്ങളാണ് എന്ന പ്രത്യേകതയും ഇട്ടിവയ്ക്കുണ്ട്. ഇവിടെ മൂന്നിൽ ഒരാൾവീതം ഗ്രന്ഥശാലാ പ്രവർത്തകരുമാണ്.
എ ഗ്രേഡ് വായനശാലകൾ അഞ്ചെണ്ണം
ഇട്ടിവയിൽ അഞ്ച് എ ഗ്രേഡ് വായനശാലകളാണ് ഉള്ളത്. വെളിന്തറ വിവേകദായനി, കാട്ടാംമ്പള്ളി സന്മാർഗദായനി, ത്രാങ്ങോട് കൈരളി, യുവജന സമാജം, വായ്യാനം ജി.വി. രാജാ ലൈബ്രറി എന്നി ഗ്രന്ഥശാലകളാണ് അവ. ഇതിൽ മൂന്ന് വായനശാലകൾ എഴുപത് വർഷം പിന്നിട്ടവയാണ്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഇട്ടിവാ പഞ്ചായത്തിലെ വെളിന്തറ ഗ്രാമം കേന്ദ്രീകരിച്ച് 1948 ൽ ആരംഭിച്ച ആദ്യവായനശാലയാണ് വിവേകദായനി ഗ്രന്ഥശാല. മാത്രമല്ല ഇവിടെയുള്ള ലൈബ്രറികളിൽ മിക്കവയും മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറം പ്രവർത്തിച്ചുവരുന്നതുമാണ്.
1952 ൽ സ്ഥാപിച്ച ചാണപ്പാറ സന്മാർഗദായിനി ഗ്രന്ഥശാല ജില്ലായിലെ മാതൃകാ ഗ്രന്ഥശാലയാണ്. ജില്ലയിൽ ഏക അക്കാഡമിക് സ്റ്റഡി സെന്ററുള്ളത് കാട്ടാംമ്പള്ളി ഗ്രന്ഥശാലയിലാണ്. 1997 മുതൽ പലതവണ ഏറ്റവും നല്ല ഗ്രന്ഥശാലാ പ്രവർത്തനം നടത്തുന്ന പഞ്ചായത്തിനുളള കേരള സർക്കാരിന്റെ അവാർഡ് ഇട്ടിവാ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.
വായിക്കുന്നവരുടെ നാട്
ലൈബ്രറികളുടെ സംസ്ഥാന തലസമ്മേളനം നടത്തുന്നതിന് അപൂർവം ഗ്രാമങ്ങളെയാണ് തിരഞ്ഞെടുക്കപ്പെടാറുള്ളത്. ഇട്ടിവയിലെ കാട്ടാംമ്പള്ളി ഗ്രാമത്തിൽ വച്ചാണ് 2000-ൽ ലൈബ്രറികളുടെ മൂന്ന് ദിവസം നീണ്ടുനിന്ന സംസ്ഥാനതല സമ്മേളനം നടന്നത്. ഇട്ടിവയിലെ ലൈബ്രറി പ്രസ്ഥാനം വിദ്യാഭ്യാസ രംഗത്ത് നൽകിയിട്ടുള്ള സംഭാവനകളും വിലമതിക്കാനാവാത്തതാണ്. വായനശാലകൾ കേന്ദ്രീകരിച്ചുള്ള പരീക്ഷാ പരിശീലനം, ക്വിസ് മത്സരങ്ങൾ, കരിയർ ഗൈഡൻസുകൾ, സംവാദങ്ങൾ തുടങ്ങിയവ പഞ്ചായത്തിലെ നൂറ്കണക്കിന് യുവാക്കൾക്ക് തൊഴിൽ നേടുന്നതിനും പ്രചോദനമായിട്ടുണ്ട്. സാംസ്കാരിക രംഗത്തെ അത്ഭുതപൂർവമായ വളർച്ച ഇട്ടിവയെ മറ്റ് പ്രദേശങ്ങളിൽ നിന്നും ശ്രദ്ധേയമാക്കുന്നു. ഇട്ടിവയിൽ പതിനഞ്ചോളം പുതിയ ലൈബ്രറികൾ ആരംഭിച്ച് ലൈബ്രറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രൊഫ. വയലാ വാസുദേവൻപിള്ള, പ്രൊഫ. ബി. ശിവദാസൻപിള്ള, ജെ.സി. അനിൽ, കോട്ടുക്കൽ തുളസി, പ്രൊഫ. രമാകാന്തൻ, പ്രൊഫ. സലീം തുടങ്ങിയവർ ഉൾപ്പെടുന്നു.
1947 ൽ സ്ഥാപിച്ച സന്മാർഗദായിനി വിദ്യാലയം പ്രവർത്തനം നിലച്ചപ്പോൾ ആ കെട്ടിടം വിറ്റ തുകയും പുസ്തകങ്ങളും ഉപയോഗപ്പെടുത്തിയാണ് വായനശാല സ്ഥാപിച്ചത്. കേരളത്തിലെ പ്രമുഖ എ ഗ്രേഡ് ലൈബ്രറികളിൽ ഒന്നാണ് സന്മാർഗദായിനി . ജില്ലയിലെ മോഡൽ വില്ലേജ് ലൈബ്രറിയായി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഈ ലൈബ്രറിയെ തിരഞ്ഞെടുത്തിട്ടുണ്ട്. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലകൾക്ക് നൽകുന്ന പുരസ്കാകാരങ്ങളിൽ നാലെണ്ണം ലൈബ്രറിക്ക് ലഭിച്ചിട്ടുണ്ട്. ഇ.എം.എസ്. അവാർഡ്, ഡി.സി. കിഴക്കേമുറി പുരസ്കാരം, സമാദാനം പരമേശ്വരൻ പുരസ്ക്കാരം, എൻ.ഇ. ബാലറാം പുറസ്ക്കാരം എന്നിവയാണ് ലഭിച്ചത്.
ജെ.സി. അനിൽ (പ്രസിഡന്റ്, ചാണപ്പാറ സന്മാർഗാദായിനി സ്മാരക വായനശാല)