club
കക്കോട് ഗ്രാമത്തിലെ ക്ളബ് പ്രവർത്തകർ

കൊല്ലം: പുനലൂർ കക്കോട് ഗ്രാമത്തിന്റെ കരുതലും സ്നേഹവുമാണ് ഇപ്പോൾ ഹണീബി ക്ളബ്. നാടിന്റെ ആവശ്യങ്ങളറിഞ്ഞ് അതിനൊപ്പം സഞ്ചരിക്കാൻ ഒരുകൂട്ടം ചെറുപ്പക്കാർ മനസുകാട്ടിയതോടെയാണ് ക്ളബ് ജനകീയമായത്.

അഞ്ചുവർഷം മുൻപാണ് ക്ളബിന് രൂപം നൽകിയതെങ്കിലും രജിസ്ട്രേഷൻ നടത്തി പ്രവർത്തനം സജീവമായിട്ട് രണ്ടാണ്ട് തികയുന്നതേയുള്ളൂ. ഓണത്തിന് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നെങ്കിലും പ്രളയകാലത്ത് സേവനപ്രവർത്തനങ്ങളിൽ സജീവമായതോടെയാണ് ക്ളബ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പിന്നീട് കൊവിഡ് കാലത്ത് നാടിന്റെ കരുതലായി മാറി.

കൊവിഡ് രോഗികളുടെ വീടുകളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലും കണ്ടെയ്മെന്റ് സോണുകളിലും ഭക്ഷണവും അരിയും പച്ചക്കറികളും സൗജന്യമായി നൽകാനും വീട്ടുകാർ ആവശ്യപ്പെടുന്ന മരുന്നുകളും മറ്റും എത്തിക്കാനും ക്ളബ് പ്രവർത്തകർ മത്സരിച്ചു. സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാർത്ഥികളുമടക്കം മുപ്പതിൽപ്പരം അംഗങ്ങളാണ് ക്ളബിലുള്ളതെങ്കിലും പ്രവർത്തനം ജനകീയമായതോടെ കക്ഷി ​- രാഷ്ട്രീയ ഭേദമന്യേ ഗ്രാമവാസികളും ക്ളബിനൊപ്പം ചേരുകയാണ്.

മിക്കപ്പോഴും പുനലൂർ ആശാഭവനിലേക്ക് ആഹാരവും വസ്ത്രവും എത്തിച്ച് നൽകാറുണ്ട്. ഇരുപത്തിനാല് മണിക്കൂറും നാടിന്റെ അവശ്യഘട്ടങ്ങളിൽ സഹായവുമായെത്താൻ പ്രത്യേക വോളണ്ടിയർ സംഘമുണ്ട്. കഴിഞ്ഞ രാത്രിയിൽ ഇതിന്റെ ഗുണം ഒരു കുടുംബത്തിന് ലഭിച്ചു. പണിക്കർ മുക്ക് അംഗൻവാടി ഭാഗത്ത് സാമൂഹ്യവിരുദ്ധ ശല്യമെന്ന് നിരന്തര പരാതി ഉയർന്നിരുന്നു. ക്ളബ് പ്രവർത്തകർ ഉടൻ തന്നെ ഇവിടെ മൂന്ന് സി.സി ടി.വി കാമറകൾ സ്ഥാപിച്ചു. നാല് കാമറകൾ കൂടി സ്ഥാപിക്കും.

അങ്കണവാടി കുട്ടികൾക്കും പ്രദേശത്തെ മറ്റ് കുട്ടികൾക്കുമായി ക്ളബ് പ്രവർത്തകർ മുൻകൈയെടുത്ത് കളിസ്ഥലം ഒരുക്കിയതും അടുത്തിടെയാണ്. നാടിന്റെ ആവശ്യങ്ങൾ അറിഞ്ഞ് അവർക്കൊപ്പം ചേർന്നതോടെ ക്ളബിന്റെ പേരുപോലെ തന്നെ മധുരമുള്ളതാവുകയാണ് പ്രവർത്തനങ്ങളും.

''

സ്വന്തമായി ആസ്ഥാനം നിർമ്മിക്കാനും സ്പോർട്സ് കിറ്റുകളും മറ്റും ലഭ്യമാക്കാനുമുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്.

എം. അജിത്ത്, ക്ളബ് പ്രസിഡന്റ്

എ. അഭിജിത്ത്, സെക്രട്ടറി