പുനലൂർ: പുനലൂരിലെ ഇ.എസ്.ഐ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സർക്കാരിൽ സർമ്മദ്ദം ചെലുത്തുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു.ആശുപത്രിയുടെ ശോചനീയാവസ്ഥയെക്കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത കണ്ട് ഇന്നലെ ആശുപത്രി സന്ദർശിക്കാൻ എത്തിയതായിരുന്നു മന്ത്രി .കോൺക്രീറ്റ് മേൽക്കൂര അടർന്ന് വീഴുന്നതും സമീപത്തെ ക്വാട്ടേഴ്സുകളുടെ തകർച്ചയെ സംബന്ധിച്ചും മന്ത്രി ടി.കെ.രാമകൃഷ്ണന് നാളെ റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തെ പുനലൂർ പേപ്പർ മിൽ, ഫ്ലൈഫുഡ് ഫാക്ടറിയടക്കമുളള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ ആരംഭിച്ച് സ്ഥാപനമാണ് ഇ.എസ്.ഐ ആശുപത്രി.എന്നാൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ സ്ഥിതി ചെയ്യുന്ന ആശുപത്രി ഇ.എസ്.ഐ കോർപ്പറേഷൻെറ നിയന്ത്രണത്തിലാണ് പ്രവർത്തിച്ചു വരുന്നത്. അധികൃതരുടെ അവഗണനയെ തുടർന്ന് നാശത്തിലേക്ക് നീങ്ങുന്ന ആശുപത്രി കെട്ടിടത്തിന്റെ ശോചനീയാവസ്ഥ അറിഞ്ഞ് കോർപ്പറേഷന്റെ തൃശൂർ മേഖലയിലെ മൂന്ന് എൻജിനിയർമാരുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച പുനലൂരിലെ ആശുപത്രി സന്ദർശിച്ചിരുന്നു.തുടർന്ന് പ്രാഥമികമായി എസ്റ്റിമേറ്റുകൾ തയ്യാറാക്കിയ ശേഷം സമീപത്തെ കൂറ്റൻ കാടുകൾ നീക്കം ചെയ്തിരുന്നു.തുടർന്ന് ആശുപത്രിയുടെ കോൺക്രീറ്റ് മേൽകൂര അടർന്ന് വീഴുന്നതടക്കമുളളവ ഡോ.ദീപു സന്ദർശനത്തിനെത്തിയ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.കഴിഞ്ഞ അര നൂറ്റാണ്ടായി തകർച്ച ഭീക്ഷണി നേരിടുന്ന കെട്ടിടവും സമീപത്തെ ക്വാട്ടേഴ്സുകളും നവീകരിച്ച് മോടിപിടിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.ഇത് കാരണം ആശുപത്രിയിലെ നാല് ഡോക്ടർമാരും ജീവനക്കാരും രോഗികളും തീരാദുരിതമാണ് അനുഭവിച്ചു വരുന്നത്.നഗരസഭ ചെയർമാൻ കെ.എ.ലത്തീഫ്, മുൻ ചെയർമാൻ കെ.രാജശേഖരൻ, സി.അജയപ്രസാദ്, ടൈറ്റസ് സെബാസ്റ്റ്യൻ, കെ.രാധാകൃഷ്ണൻ, ജെ.ഡേവിഡ് തുടങ്ങിയ ജന പ്രതിനിധികളും നേതാക്കളും മന്ത്രിക്കൊപ്പം ആശുപത്രി സന്ദർശിക്കാൻ എത്തിയിരുന്നു