lab
സഞ്ചരിക്കുന്ന കൊവിഡ് പരിശോധനാ വാഹനത്തിന്റെ താക്കോൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എ കളക്ടർ ബി. അബ്ദുൾ നാസറിന് കൈമാറുന്നു

കൊല്ലം: കൊവിഡ് പരിശോധന നടത്താൻ ലാബ് ഇനി വീട്ടുപടിക്കലെത്തും. കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 17 ലക്ഷം ചെലവിട്ടാണ് ലാബ് സജ്ജമാക്കിയത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ എം.എൽ.എമാരായ ആർ. രാമചന്ദ്രനും എം. നൗഷാദും ചേർന്ന് ഫ്ലാഗ് ഒഫ് ചെയ്തു.
കൊവിഡ് പ്രതിരോധത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കുള്ള ശക്തമായ പിന്തുണയാണ് സഞ്ചരിക്കുന്ന ലാബെന്ന് കെ.ബി.ഗണേഷ് കുമാർ എം.എൽ.എ പറഞ്ഞു. കൊവിഡ് കാലത്തെ ഭാവനാ പൂർണമായ ഒരു കാൽവയ്പ്പാണിതെന്ന് ആർ. രാമചന്ദ്രനും കാലഘട്ടത്തിന്റെ അനിവാര്യതയാണ് ഇത്തരം സംവിധാനങ്ങളെന്ന് എം. നൗഷാദും പറഞ്ഞു.
ആശുപത്രികൾ കേന്ദ്രീകരിച്ച് ടെസ്റ്റുകൾ നടത്തുമ്പോഴുണ്ടാകുന്ന ആൾക്കൂട്ടവും അതുവഴിയുള്ള രോഗവ്യാപന സാദ്ധ്യതയും കുറയ്ക്കാൻ ഇത്തരം സംവിധാനങ്ങൾക്ക് കഴിയുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത, മേയർ ഹണി ബെഞ്ചമിൻ തുടങ്ങിയവർ പങ്കെടുത്തു.

 ആന്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനാ സൗകര്യം

ലാബിൽ ആന്റിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ നടത്താനാകും. സുരക്ഷിതമായി ഒരേസമയം രണ്ടുപേർക്ക് ടെസ്റ്റ് നടത്താൻ കഴിയും. സ്രവ ശേഖരണത്തിന് പ്രത്യേക പരിശീലനം ലഭിച്ച ഡെന്റൽ ഡോക്ടർ, ലാബ് ടെക്‌നീഷ്യൻ, സ്റ്റാഫ് നഴ്‌സ് എന്നിവരുടെ സേവനം ആഴ്ചയിൽ ആറുദിവസം ലഭ്യമാകും. പിറവന്തൂരിൽ നിന്ന് ഇന്നലെ ആരംഭിച്ച സഞ്ചരിക്കുന്ന പരിശോധനാ ലാബിന്റെ സേവനം ജില്ലയിലെ എല്ലാ മേഖലകളിലും ലഭ്യമാകും. തോട്ടം തൊഴിലാളികളും അന്യസംസ്ഥാന തൊഴിലാളികളും ഏറെയുള്ള ജില്ലയിലെ രോഗനിർണയ പ്രവർത്തനങ്ങൾക്ക് സഞ്ചരിക്കുന്ന ലാബ് സഹായകമാകും.