
 സീറ്റ് വീതംവയ്പ്പിനെ പരിഹസിച്ച് കെ.എസ്.യു
കൊല്ലം: തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിൽ തമ്മിലടി പണ്ടേ ഉള്ളതാണ്. അതുകൊണ്ട് ചെറിയ തോതിലുള്ള ബഹളങ്ങളൊന്നും എങ്ങും ഏശാതെ പോവുകയാണ് പതിവ്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് അടുത്തപ്പോൾ ജില്ലയിലെ കോൺഗ്രസിൽ പതിവുപോലെ മുറുമറുപ്പുകൾ കേട്ടുതുടങ്ങി.
കടൽ കിഴവൻമാർക്ക് ഇനിയും സീറ്റ് കൊടുക്കാതെ യുവാക്കളെ പരിഗണിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് യൂത്ത് കോൺഗ്രസാണ്. സ്ഥാനാർത്ഥി നിർണയം തുടങ്ങിയപ്പോൾ അപകടം മണത്ത കെ.എസ്.യുവും സമാന ആവശ്യവുമായി രംഗത്ത് വന്നു. ജില്ലാ പ്രസിഡന്റ് ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഗുരുതര ആരോപണങ്ങളും പരിഹാസങ്ങളും പാർട്ടിക്കെതിരെ ഉന്നയിച്ചത്.
ഞാൻ അല്ലെങ്കിൽ ഭാര്യ, അല്ലെങ്കിൽ എന്റെ ബന്ധു, അതും ഇല്ലെങ്കിൽ എന്റെ കോഴി... ഈ രീതിയിലാണ് വാർഡ് മുതൽ ജില്ലാപഞ്ചായത്ത് വരെയുള്ള ജില്ലയിലെ സീറ്റ് വിഭജന ചർച്ച മുന്നോട്ടു പോകുന്നതെന്നാണ് കെ.എസ്.യു വിമർശനം.
നാല് തവണയിൽ കൂടുതൽ മത്സരിച്ചവർക്ക് സീറ്റ് നൽകരുത്. നാലര വർഷത്തെ അജ്ഞാത വാസത്തിന് ശേഷം ആഡംബര വാഹനങ്ങളിൽ ചിലർ സീറ്റ് വാങ്ങാൻ വരുന്നുണ്ട്. അവരെ തടഞ്ഞില്ലെങ്കിൽ പേര് വെളിപ്പെടുത്തും. യൂത്ത് കോൺഗ്രസ്- കെ.എസ്.യു നേതാക്കളെ സ്ഥാനാർത്ഥികളായി പരിഗണിച്ചില്ലെങ്കിൽ യുവജന നേതാക്കന്മാരുടെ പട്ടിക തയ്യാറാക്കി സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.
സംവരണ സീറ്റുകളിൽ മാത്രം മത്സരിക്കാൻ ഉള്ളവരാണ് പട്ടികജാതിക്കാർ എന്ന ധാരണ നേതൃത്വം തിരുത്തണം. വനിതാ സംവരണ സീറ്റുകളിൽ നേതാക്കന്മാരുടെ ഭാര്യമാരെ ഒഴിവാക്കി യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകരെ നിയോഗിക്കണം. കൊല്ലം കോർപ്പറേഷനിൽ കൂടുതൽ സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കണം. ഘടകകക്ഷികളുടെ പിടിവാശികൾക്ക് വഴങ്ങരുത്. ഇങ്ങനെ പോകുന്നു കെ.എസ്.യു വിമർശനങ്ങൾ.
 റിബലായി മത്സരിക്കും
തദ്ദേശ തിരഞ്ഞെടുപ്പിൽ കെ.എസ്.യു നേതാക്കൾ അടക്കമുള്ള യുവാക്കൾക്ക് കോൺഗ്രസ് സീറ്റ് നൽകിയില്ലെങ്കിൽ റിബലായി മത്സരിക്കുമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ മുന്നറിയിപ്പ്. സീറ്റ് വിഭജനത്തിൽ ഘടകക്ഷികൾക്ക് മുന്നിൽ വഴങ്ങി കോൺഗ്രസിനൊപ്പം ചേർന്നുനിൽക്കുന്ന യുവാക്കളുടെ അവസരം നശിപ്പിക്കരുതെന്നും ജില്ലാ കമ്മിറ്റി പാസാക്കിയ പ്രമേയത്തിൽ പറയുന്നു.
പിണറായി സർക്കാരിനെതിരെ സമരം ചെയ്ത് പൊലീസ് മർദ്ദനമേറ്റതും ജയിലിൽ കിടന്നതും കെ.എസ്.യു പ്രവർത്തകരാണ്. ഇപ്പോൾ സീറ്റ് നൽകിയ ഒരു നേതാക്കളെയും അന്ന് സമരങ്ങളിൽ കണ്ടിട്ടില്ല. ജില്ലയിലെ തിരഞ്ഞെടുപ്പ് സമിതികളിൽ കെ.എസ്.യു പ്രവർത്തകരെ ഉൾപ്പെടുത്തണം. കൊല്ലം നഗരസഭയിൽ കൂടുതൽ യുവാക്കളെ സ്ഥാനാർത്ഥികളായി പരിഗണിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.