 
കുന്നത്തൂർ : ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽക്കുന്ന മൂന്നംഗ സംഘം അറസ്റ്റിൽ.ഇവരിൽ നിന്നും രണ്ടേകാൽ കിലോ കഞ്ചാവും പിടികൂടി.ശൂരനാട് തെക്ക് വരത്തുചിറ കുറ്റിയിൽ സുജിത്ത് (21),മാലുമേൽ അജ്മൽ മൻസലിൽ അജ്മൽ (21),ശൂരനാട് കെസിറ്റി ജംഗ്ഷൻ കലഞ്ഞിവിളയിൽ വീട്ടിൽ സവാദ് (21) എന്നിവരെയാണ് ശൂരനാട് പൊലിസ് പിടികൂടിയത്.ശൂരനാട് എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ ആനയടി പാലത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടയിൽ ബൈക്കിലെത്തിയ ഇവർ വാഹനം നിറുത്താതെ പോവുകയായിരുന്നു.തുടർന്ന് പ്രതികളെ പിൻതുടർന്ന പൊലീസ് പോരുവഴി ചിറ ഭാഗത്ത് വച്ച് ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ച സംഘത്തെ ഓടിച്ചിട്ട് പിടികൂടി. ഇവരുടെ പക്കൽ നിന്നും രണ്ടേകാൽ കിലോ കഞ്ചാവും വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന ത്രാസും കണ്ടെടുത്തു.എസ്.ഐമാരായ ശ്രീജിത്ത്,ചന്ദ്രമോൻ,എ.എസ്.എ മാരായ റഷീദ്,മധു,ഹർഷാദ്,വിപിൻ, സിവിൽ പോലിസ് ഓഫീസർ വിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.