
കൊട്ടാരക്കര: തൃക്കണ്ണമംഗൽ അയണിമൂട്ടിൽ പടിഞ്ഞാറ്റിൻകര വീട്ടിൽ എ. ശമുവേൽ (107) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: പരേതയായ ലീല, ഗ്രേസി, പരേതനായ കുഞ്ഞുമോൻ, ലില്ലി, യേശുമണി, പരേതനായ ഏബ്രഹാം, സാംകുട്ടി. മരുമക്കൾ: പരേതനായ രാഘവൻ, സൂസമ്മ, തങ്കച്ചൻ, രാജൻ, കുഞ്ഞുമോൾ.
ചിരിയിൽ തീർത്ത ജീവിതം
ആരെ കണ്ടാലും നിഷ്കളങ്കമായ ചിരിയാണ് ശമുവേൽ മുത്തശ്ശനെ വ്യത്യസ്തനാക്കിയിരുന്നത്. കൊട്ടാരക്കരയിലും പരിസരത്തുമുള്ള ആയിരക്കണക്കിന് വീടുകൾക്ക് കല്ലുവെട്ടിക്കൊടുത്തിരുന്ന ശമുവേൽ എൺപത്തിയഞ്ചാം വയസുവരെ ജോലിക്ക് പോയിരുന്നു. ആശുപത്രിയിൽ പോയതായോ മരുന്ന് കഴിച്ചിട്ടുള്ളതായോ മക്കൾക്കോ നാട്ടുകാർക്കോ അറിവില്ല. ഒരുദിവസം പോലും വാർദ്ധക്യം മൂലം തളർന്ന് കിടന്നിട്ടുമില്ല. വീടിനുള്ളിലും പറമ്പിലും ഊന്നുവടിയുടെ സഹായത്തോടെ നടന്നുനീങ്ങുമായിരുന്നു. കണ്ണടയും ഉപയോഗിച്ചിട്ടില്ല. ഓർമ്മ - കേഴ്വി കുറവും ഉണ്ടായിരുന്നില്ല. എല്ലാവരോടും നിറഞ്ഞ ചിരിമാത്രം. ലഹരി ഉപയോഗിക്കാത്തതാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് ശമുവേൽ പറയുമായിരുന്നു. അഞ്ചുവർഷമായി തൃക്കണ്ണമംഗൽ ജനകീയവേദി കൊട്ടാരക്കരയുടെ മുത്തശനെ പൊന്നാട
ചാർത്തി ആദരിച്ചിരുന്നു.