
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ നിർമ്മിച്ച കരവാരം ഗ്രാമപഞ്ചായത്തിൽ അടിസ്ഥാന സ്ഥിതിവിവരക്കണക്കിന്റെ ആദ്യഘട്ട റിപ്പോർട്ട് പ്രകാശനം ചെയ്തു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടർ ബി. അനീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ദീപ പ്രകാശനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് കുമാർ ഏറ്റുവാങ്ങി. ഇൻവസ്റ്റിഗേറ്റർ എ.എസ്. ബ്രിജിലയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കിളിമാനൂർ ബ്ളോക്കിലെ ഇ.ഒ കുഞ്ഞയ്യപ്പൻപിള്ള, റിസർച്ച് ഓഫീസർ ആർ. വിജയ് എന്നിവർ മേൽനോട്ടം വഹിച്ചു. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷീരം, പൊതുവിപണി തുടങ്ങി 23 മേഖലകളാണ് റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. നെൽക്കൃഷിയിലെ മുന്നേറ്റമാണ് പ്രധാനമായും കണക്കുകൾ നിരത്തി വ്യക്തമാക്കിയിട്ടുള്ളത്. നെൽപാടങ്ങളിൽ കൃഷി നിലനിറുത്തുന്നതിനും കൂടുതൽ തരിശ് നിലങ്ങളെ നെൽക്കൃഷിയ്ക്കായി രൂപാന്തരപ്പെടുത്തുന്നതിനും പഞ്ചായത്ത് വലിയ താത്പര്യമെടുത്തിരുന്നു. 2019-20 വർഷത്തിൽ നെൽക്കൃഷിയുടെ വിസ്തൃതിയിൽ പന്ത്രണ്ട് ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ആദ്യഘട്ട റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.