photo
പുത്തൂർ പഴയചിറ - ചെറുപൊയ്ക റോഡിൽ നിർമ്മാണ ജോലികൾ തുടങ്ങിയപ്പോൾ

കൊല്ലം: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുത്തൂർ പഴയചിറ - ചെറുപൊയ്ക റോഡിന് ശാപമോക്ഷം, ചെളിക്കുണ്ടായി മാറിയിരുന്ന റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ഞാങ്കടവ് കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി പൈപ്പിടാൻ വെട്ടിപ്പൊളിച്ച ഭാഗത്ത് മെറ്റലിംഗ് നടത്തുന്ന ജോലികളാണ് നടക്കുന്നത്. ഇതിന് ശേഷം ടാറിംഗ് നടത്തും. പഴയചിറ ജംഗ്ഷനിൽ നിന്നും കാരിയ്ക്കൽ ചെറുപൊയ്ക ഭാഗങ്ങളിലേക്ക് പോകേണ്ട പ്രധാന റോഡാണ് പൈപ്പിടാൻ വെട്ടിപ്പൊളിച്ചതോടെ തകർന്ന് ചെളിക്കുണ്ടായി മാറിയിരുന്നത്. വലിയ കുഴികൾ രൂപപ്പെട്ടതിൽ മഴവെള്ളം കെട്ടിനിന്നതോടെ അപകടങ്ങളും ഏറിവന്നു. വാഴനട്ടും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചുനോക്കിയിട്ടും ഫലമുണ്ടാകാതെ നാട്ടുകാർ തീർത്തും ബുദ്ധിമുട്ടിലായി മാറിയതോടെ റോഡിന്റെ ദുരിതാവസ്ഥയും നാട്ടുകാർ അനുഭവിക്കുന്ന പ്രയാസങ്ങളും അക്കമിട്ട് നിരത്തി ജൂലായ് 21ന് 'പഴയചിറ- ചെറുപൊയ്ക റോഡിൽ ചെളിയിൽ പുതഞ്ഞ് യാത്രക്കാർ' എന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചു. ഇതേ തുടർന്ന് ചെളി കോരിമാറ്റിയശേഷം പാറപ്പൊടിയും മറ്റും നിരത്തി താത്കാലിക പരിഹാരം ഉണ്ടാക്കിയിരുന്നു. എന്നാൽ ഇത് ഗുണം ചെയ്തില്ല. അടുത്ത മഴ പെയ്തതോടെ വീണ്ടും ചെളിക്കുണ്ടായി മാറി. ഗതാഗതത്തിന് ബുദ്ധിമുട്ടായി മാറിയതോടെ നാട്ടുകാർ വീണ്ടും പ്രതിഷേധത്തിനും തയ്യാറെടുത്തുവന്നപ്പോഴാണ് റോഡിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയത്.