
കൊല്ലം: മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്ന് കടലിൽ വീണ് കാണാതായ തങ്കശേരി ഇസ്‌താക്കി പറമ്പിൽ ഹാൾട്ടൻ റോയ് റോബർട്ടിന്റെ (റോയ് മോൻ - 36) മൃതദേഹം അഞ്ച് ദിവസത്തിന് ശേഷം ചെറിയഴീക്കൽ ഭാഗത്ത് നിന്ന് കണ്ടെത്തി.
ചൊവ്വാഴ്ച വൈകിട്ടാണ് റോയ് മോൻ ഉൾപ്പെടെയുള്ള മൂന്നുപേർ മത്സ്യബന്ധനത്തിനായി ഫൈബർ വള്ളത്തിൽ കടലിൽ പോയത്. രാത്രി എട്ടോടെ റോയി കടലിൽ വീഴുകയായിരുന്നു. കരയിൽ നിന്ന് കൂടുതൽ വള്ളങ്ങളെത്തി തെരഞ്ഞിട്ടും കണ്ടെത്താനായില്ല.
പിന്നീടുള്ള നാല് ദിവസങ്ങളിൽ കോസ്റ്റൽ പൊലീസും ബോട്ടുകളും വള്ളങ്ങളും തെരച്ചിൽ നടത്തിയിരുന്നു. ഇന്നലെ രാവിലെ 7 ഓടെ ചെറിയഴീക്കൽ നിന്ന് തെക്ക് പടിഞ്ഞാറ് മാറി 30 കിലോമീറ്റർ അകലെ വള്ളക്കാരാണ് കടലിൽ മൃതദേഹം കണ്ടത്. വിവരം വയലർസ് വഴി ലഭിച്ചതിന് പിന്നാലെ ജി.പി.എസ് വഴി സ്ഥാനം കണ്ടെത്തി നീണ്ടകരയിൽ നിന്നും തങ്കശേരിയിൽ നിന്നും വള്ളങ്ങൾ പുറപ്പെട്ടു. 11ന് മൃതദേഹം തങ്കശേരി ഹാർബറിൽ എത്തിച്ചു. അഴുകി ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് വൈകിട്ട് 5ന് തങ്കശേരി ഹോളിക്രോസ് പള്ളിയിൽ സംസ്‌കരിച്ചു. ഭാര്യ: സൗമ്യ. മക്കൾ: അസാലിയ.എസ്. റോയ്, അഹാന.എസ്. റോയ്.