
കൊല്ലം: തിരഞ്ഞെടുപ്പ് ആവേശം കൊടുമുടി കയറുമ്പോൾ സ്ഥാനാർത്ഥികളിൽ പലരും വോട്ടിന് മാത്രമല്ല, പ്രചാരണത്തിന് പണം തേടിയും നെട്ടോട്ടമോടാറുണ്ട്. സംഗതി ശരാശരി ആയിരം വോട്ടർമാരുള്ള പഞ്ചായത്ത് വാർഡിലെ തിരഞ്ഞെടുപ്പല്ലേ എന്നൊക്കെ പറയാൻ വരട്ടെ.
സ്ഥാനാർത്ഥിയായി തീരുമാനിക്കുന്ന നിമിഷം മുതൽ വോട്ടെണ്ണൽ ദിവസം വരെ കണ്ടുപിടിക്കാനാകില്ല പണം പോകുന്ന വഴികൾ. മുന്നണികൾ തിരഞ്ഞെടുപ്പ് ചെലവിനായി പൊതു ജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ മുന്നണികൾ എത്ര പണം മുടക്കിയാലും സ്ഥാനാർത്ഥികൾ വ്യക്തിപരമായി ബാദ്ധ്യതക്കാരാകുന്നതാണ് കാലങ്ങളായുള്ള പതിവ്. നോട്ടീസ്, പോസ്റ്റർ, മൈക്ക് അനൗൺസ്‌മെന്റ്, സ്ക്വാഡ് പ്രവർത്തനം തുടങ്ങി എല്ലാത്തിനും പണം ആവശ്യമാണ്. പകലന്തിയോളം കൂടെ നിൽക്കുന്ന പ്രവർത്തകരിൽ മിക്കവരും ജോലി കളഞ്ഞാണ് ഒപ്പം വരുന്നത്. അങ്ങനെ സജീവമായി പ്രചാരണ രംഗത്ത് നിൽക്കുന്ന പ്രവർത്തകരുടെ ഭക്ഷണ ചെലവ് തന്നെ വലിയൊരു സംഖ്യ ആകാറുണ്ട്. ഇതൊക്കെ തിരഞ്ഞെടുപ്പിൽ പതിവാണെന്ന് പറയാമെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകുന്ന സാധാരണക്കാരിൽ പലരും തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ബാദ്ധ്യതക്കാരാകാറുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എത്ര ചെലവ് കുറച്ചിട്ടും ശരാശരി ഒരു ലക്ഷം രൂപ വരെ തിരഞ്ഞെടുപ്പ് ചെലവിനായി വിനിയോഗിച്ചവരാണ് സ്ഥാനാർത്ഥികളിൽ മിക്കവരും. സ്വതന്ത്രരും റിബലുകളുമാണ് മിക്കപ്പോഴും ബുദ്ധിമുട്ടിലാകുന്നത്. ചെലവാകുന്ന മുഴുവൻ തുകയും സ്വന്തമായി ഇവർ കണ്ടെത്തേണ്ടി വരും.