nl
പുത്തൻകുളത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ എം.എൽ.എ ആർ.രാമചന്ദ്രൻ സന്ദർശിക്കുന്നു ( ഫയൽ ചിത്രം).

തഴവ: ഒന്നര നൂറ്റാണ്ടിലധികം നാടിന്റെ നാവ് നനച്ച മുത്തശ്ശിക്കുളത്തെ സംരക്ഷിക്കുവാൻ ഒരു ഗ്രാമം നിയമ യുദ്ധത്തിന് ഒരുങ്ങുന്നു. തഴവ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കുതിരപ്പന്തിയിൽ പതിനാറ് സെന്റ് വിസ്തൃതിയിലുള്ള പുത്തൻ കുളമാണ് മാലിന്യം മൂടി മരണത്തിലേക്ക് നീങ്ങുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും രാത്രികാലങ്ങളിൽ ടാങ്കറുകളിൽ എത്തിക്കുന്ന കക്കൂസ് മാലിന്യം കുളത്തിൽ തള്ളുന്നത് പതിവായതോടെ കുളം പൂർണമായും ഉപയോഗശൂന്യമായി. കൂടാതെ കുടിവെള്ള സ്രോതസുകളിലേക്ക് കുളത്തിലെ മലിനജലത്തിൽ നിന്നും ഊറ്റ് പ്രവഹിക്കുവാൻ തുടങ്ങിയതോടെ സമീപവാസികൾക്ക് ഇപ്പോൾ കുടിവെള്ളം മുട്ടിയ അവസ്ഥയാണ്.

കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ല

പുത്തൻകുളത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തംഗം ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിൽ പത്ത് തവണയാണ് പൊലീസിൽ പരാതി നൽകിയത്. ഓരോ പരാതി ലഭിക്കുമ്പോഴും രാത്രികാല പെട്രോളിംഗ് ശക്തമാക്കി പൊലീസ് ഊർജ്ജിതമായ അന്വഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ നാട്ടുകാർ തന്നെ നിരന്തര നിരീക്ഷണത്തിലുടെ ടാങ്കർ കണ്ടെത്തുകയും വിവരം പൊലീസിൽ അറിയിക്കുകയും ചെയ്യുകയായിരുന്നു. ഇതനുസരിച്ച് ടാങ്കർ ഉൾപ്പടെ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ദുർബലമായ വകുപ്പുകളാണ് ഇവർക്കെതിരെ ചാർജ് ചെയ്തതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

നിയമയുദ്ധത്തിനൊരുങ്ങി നാട്ടുകാർ

പൊതുസ്ഥലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നവർക്കെതിരെ സാധാരണയായി ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുക്കുന്നത്. ഇത് ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിച്ച് ചെയ്യുവാൻ സാഹചര്യമൊരുക്കുന്നുവെന്നതാണ് നാട്ടുകാരുടെ വാദം. ശുദ്ധജല സ്രോതസുകളിൽ മാലിന്യം തള്ളുന്നത് ജാമ്യമില്ലാത്ത കുറ്റമാണെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ശുപാർശ ചെയ്യുന്നുണ്ടെങ്കിലും ഇത് നടപ്പാക്കുന്നതിൽ അധികൃതർ തികഞ്ഞ അനാസ്ഥയാണ് തുടരുന്നത്. എന്നാൽ പുത്തൻ കുളത്തിൽ മാലിന്യം തള്ളിയവർക്കെതിരെ കർശന നിയമ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ഇപ്പോൾ മലിനീകരണ നിയന്ത്രണ ബോർഡിനെയും സമീപിച്ചിരിക്കുകയാണ്.

നിരീക്ഷണ കാമറകൾ സ്ഥാപിച്ചും നിയമയുദ്ധങ്ങൾ നടത്തിയും തഴവ യുടെ മുത്തശ്ശിക്കുളത്തെ സംരക്ഷിക്കുവാൻ ഒരു നാട് ഒറ്റക്കെട്ടായി ഒരുങ്ങുകയാണ്.

പുത്തൻ കുളത്തിൽ മാലിന്യം തള്ളിയവർക്ക് മാതൃകാപരമായ ശിക്ഷ വാങ്ങി കൊടുക്കാൻ നിയമപരമായ ഏതറ്റംവരെയും പോകും. കുളം വൃത്തിയാക്കി സൂക്ഷിക്കുന്നതിന് പഞ്ചായത്തും നാട്ടുകാരും ഒറ്റക്കെട്ടായി നീങ്ങുകയാണ്.

സലീം അമ്പീത്തറ ,ഗ്രാമ പഞ്ചായത്ത് അംഗം , തഴവ .

നിലവിൽ നാട്ടുകാരുടെ സഹകരണത്തോടെ സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ട്. പക്ഷെ കർശനമായ നിയമ പരിരക്ഷ ലഭിച്ചാൽ മാത്രമേ സാമൂഹ്യ വിരുദ്ധരിൽ നിന്നും പുത്തൻകുളത്തിനെ സംരക്ഷിക്കുവാൻ കഴിയൂ.

യു. ശ്രീകുമാർ ,ഉദയമിരം ,സമീപവാസി.