
 കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം താഴേക്ക്
കൊല്ലം: ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നു. ഈമാസം പകുതിക്ക് ശേഷം പല ദിവസങ്ങളിലും കൊവിഡ് സ്ഥിരീകരിക്കുന്നവരേക്കാൾ അധികം രോഗമുക്തരാകുന്നതാണ് ഇതിന് കാരണം. കാര്യമായ രോഗലക്ഷണമില്ലാതെ വീടുകളിൽ ചികിത്സയിൽ കഴിയുന്നവരാണ് കൂടുതൽ വേഗത്തിൽ രോഗമുക്തരാകുന്നത്.
ഈമാസം 3ന് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായിരവും 13ന് എണ്ണായിരവും കടന്നിരുന്നു. ഇതിന് ശേഷമാണ് ക്രമേണ താഴ്ന്ന് ഏഴായിരത്തിൽ താഴെയായത്. സെപ്തംബറിൽ 5,258 പേരാണ് ആകെ രോഗമുക്തരായത്. എന്നാൽ ഈമാസം ഇതുവരെ 15,555 പേർ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണം ഉയർന്നത് ചികിത്സയെ സംബന്ധിച്ച ആശങ്ക കനപ്പിച്ചിരുന്നു. ചില കേന്ദ്രങ്ങളിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കുത്തനെ ഉയർന്നത് ഡോക്ടർമാർക്ക് വേണ്ടത്ര ശ്രദ്ധ പുലർത്താൻ കഴിയാത്ത സഹാചര്യവും സൃഷ്ടിച്ചു. രോഗമുക്തി നിരക്ക് വർദ്ധിച്ചതോടെ ഈ പ്രശ്നത്തിനും ചെറിയ ആശ്വാസമായിട്ടുണ്ട്.
 വ്യാപനതോതിലും ആശ്വാസം
കൊവിഡ് വ്യാപനതോതും ജില്ലയിൽ താഴ്ന്നിട്ടുണ്ട്. സെപ്തംബറിലാണ് ജില്ലയിൽ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായത്. ആഗസ്റ്റിൽ 2,615 പേർക്കാണ് കൊവിഡ് ബാധിച്ചത്. എന്നാൽ സെപ്തംബറിൽ രോഗവ്യാപന തോത് മൂന്നിരട്ടിയിലേറെ വർദ്ധിച്ച് 9,720 പേർക്ക് രോഗം ബാധിച്ചു. ഈമാസം 25 വരെ 16,410 പേർക്ക് കൊവിഡ് ബാധിച്ചെങ്കിലും വ്യാപന തോത് കഴിഞ്ഞമാസത്തേക്കാൾ കുറവാണ്.
 രോഗം ബാധിച്ചത്: 16,410
രോഗമുക്തർ: 15,555
(ഈ മാസം 25 വരെ )
 തീയതി, ആകെ രോഗം ബാധിച്ചവർ, ചികിത്സയിലുള്ളവർ
എപ്രിൽ 30 - 20 - 12
മേയ് 31 - 58 - 35
ജൂൺ 30 - 345 - 201
ജൂലായ് 31 - 1748 - 695
ആഗസ്റ്റ് 31 - 4,363 - 1,511
സെപ്തംബർ 30 - 14,083 - 5,870
ഒക്ടോബർ 25 - 30,493 - 6,676