
സിമന്റ് ക്ഷാമവും വിലയും കൂടി
കൊല്ലം: സംസ്ഥാനത്തെ ഏഴായിരത്തോളം ഡീലർമാർ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ടതോടെ സിമന്റ് ക്ഷാമം രൂക്ഷമായി. കൊവിഡനന്തരം നിർമ്മാണമേഖല ഉണരുന്നതിനിടെ പെട്ടെന്നുണ്ടായ സമരം തിരിച്ചടിയായി. സിമന്റ് കിട്ടാനില്ലാത്തതിനാൽ നിർമ്മാണജോലികൾ നിലച്ചത് തൊഴിലാളികളെയും കുടുംബങ്ങളെയും വീണ്ടും ദുരിതത്തിലാക്കി.
സിമന്റ് ഉത്പാദകരും വിതരണക്കാരും തമ്മിലുള്ള തർക്കമാണ് ഡീലർമാരെ സമരത്തിലേക്ക് തള്ളിവിട്ടത്. സംസ്ഥാനത്തെ ആയിരക്കണക്കിന് ഡീലർമാർക്ക് പ്രമുഖ കമ്പനികൾ ഏകദേശം 250 കോടിയോളം രൂപ ഡിസ്കൗണ്ടിനത്തിൽ നൽകാനുണ്ട്. സെപ്തംബർ വരെ ചാക്കൊന്നിന് 443 രൂപ ഡീലർമാർ കമ്പനിയിൽ അടയ്ക്കുമ്പോൾ 400 രൂപയ്ക്കാണ് സിമന്റ് വിൽക്കുക. ഈ 43 രൂപ പിന്നീട് കമ്പനി ഡീലർമാർക്ക് വകവച്ചുകൊടുക്കും. ഇങ്ങനെ അടച്ച തുകയാണ് ഡീലർമാർക്ക് കിട്ടാനുള്ളത്.
ഈ മാസം മുതൽ 443 രൂപ മുഴുവനായി ബില്ല് ചെയ്യണമെന്നാണ് ഡീലർമാരുടെ ആവശ്യം. ഇല്ലെങ്കിൽ മാർക്കറ്റിൽ പെട്ടെന്ന് വിലക്കയറ്റമുണ്ടാവും. സമരം തുടങ്ങിയതോടെ സിമന്റ് വരവും കുറഞ്ഞു. ഇതോടെ മാർക്കറ്റിൽ പല ബ്രാൻഡുകളുടെയും സിമന്റ് കിട്ടാനില്ല. ഇതോടെ പായ്ക്കറ്റിന് 450 മുതൽ 500 രൂപവരെ വിലയ്ക്കാണ് വിൽപ്പന. സർക്കാർ മേഖലയിലേതുൾപ്പെടെ നിർമ്മാണ സൈറ്റുകളെല്ലാം പണി നിലയ്ക്കുന്ന സ്ഥിതിയിലാണ്. സ്റ്റോക്ക് ചെയ്തിരിക്കുന്ന സിമന്റ് ഉപയോഗിച്ചുള്ള ജോലികൾ മാത്രമാണ് നടക്കുന്നത്.
ഡീലർമാരുടെ ആവശ്യം
1. ബില്ലിംഗിലെ അശാസ്ത്രീയത ഒഴിവാക്കുക
2. കമ്പനികൾ മാസങ്ങളായി ഡീലർമാർക്ക് നൽകാനുള്ള ഡിസ്കൗണ്ട് കുടിശിക നൽകുക
3. സെപ്തംബർ 30നുള്ള വിലയ്ക്ക് സിമന്റ് വിൽക്കാനുള്ള സാഹചര്യമുണ്ടാക്കുക
കിട്ടാനുള്ളത്: 250 കോടി
സമരം 2 ആഴ്ച പിന്നിട്ടു
''
സിമന്റ് വില വർദ്ധനയും ഡീലർമാരുടെ സമരവും നിർമ്മാണ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കി. സമരം തീർപ്പാക്കാൻ സർക്കാർ ഇടപെണം.
രഞ്ജിത്ത്, കെട്ടിട നിർമ്മാണ കരാറുകാരൻ
''
ഡീലർമാരുടെ സമരം ഒത്തുതീർത്തില്ലെങ്കിൽ നിർമ്മാണ മേഖലയ്ക്ക് കനത്ത വെല്ലുവിളിയാവും. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടണം.
കെ.വിനോദ് നാരായണൻ
ചേംബർ ഒഫ് കൊമേഴ്സ്
''
സിമന്റ് കമ്പനികൾ കൃത്രിമ ക്ഷാമമുണ്ടാക്കി വിലക്കയറ്റം സൃഷ്ടിക്കുകയാണ്.
കെ.കെ. ബാബുരാജ്
സിമന്റ് ഡീലേഴ്‌സ് അസോ. സംസ്ഥാന കമ്മിറ്റിയംഗം