
കൊല്ലം: കുടുംബവഴക്കിനെ തുടർന്ന് കായലിൽ ചാടിയ യുവതിയും പിഞ്ചുകുഞ്ഞും മരിച്ചു. പെരിനാട് ഇടവട്ടം രമാഭവനിൽ യശോധരൻപിള്ളയുടെ മകൾ രാഖി (22), ഏകമകൻ ആദി (2) എന്നിവരാണ് മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറായ വെള്ളിമൺ ചെറുമൂട് സ്വദേശി സിജുവാണ് രാഖിയുടെ ഭർത്താവ്.
നാലുവർഷം മുൻപായിരുന്നു വിവാഹം. വെള്ളിമൺ തോട്ടുംകരയിൽ വീടുവാങ്ങി താമസിക്കുകയായിരുന്നു. മദ്യപാനിയായ സിജു നിരന്തരം ഉപദ്രവിച്ചിരുന്നു. ശനിയാഴ്ച രാഖിയെ കെട്ടിയിട്ട് തല്ലി. ഞായറാഴ്ച രാവിലെ മദ്യപിച്ചെത്തി വീണ്ടും മർദ്ദിച്ചു. കുഞ്ഞുമായി വീടുവിട്ടിറങ്ങിയ രാഖി വെള്ളിമൺ ജയന്തി കോളനിക്ക് സമീപത്തെ കായലിൽ ചാടി എന്നാണ് സൂചന. അവിടെ ചൂണ്ടയിട്ടുകൊണ്ടിരുന്ന കുട്ടികളോട് കാറ്റുകൊള്ളാൻ വന്നതാണെന്ന് രാഖി പറഞ്ഞിരുന്നു. കുട്ടികൾ പോയശേഷമാണ് കായലിൽ ചാടിയത്. ഇവരെ കാണാനില്ലെന്ന് സിജു രാഖിയുടെ അമ്മയെ ഫോണിൽ അറിയിച്ചു. ഇതറിഞ്ഞ് എത്തിയ രാഖിയുടെ അച്ഛനെയും മർദ്ദിച്ചു. തുടർന്ന് രാഖിയെ കാണാനില്ലെന്ന് കുണ്ടറ പൊലീസിൽ പരാതി നൽകി.
വെള്ളിമൺ കൈതകോടി ഭാഗത്ത് ചെരുപ്പും കുഞ്ഞിന്റെ തൊപ്പിയും കണ്ടെത്തി.
യുവതിയുടെ മൃതദേഹം രാവിലെ 9 ഓടെ കൈതകോടി ഭാഗത്തുനിന്നും കുഞ്ഞിന്റെ മൃതദേഹം പതിനൊന്നോടെ കുറച്ചകലെ നിന്നുമാണ് പൊലീസും ഫയർ ഫോഴ്സും കണ്ടെത്തിയത്. ഒളിവിൽ പോയ സിജുവിനായി തെരച്ചിൽ ആരംഭിച്ചു. മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനുമായി കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.