onion

കൊല്ലം: റോക്കറ്റ് പോലെ കുതിച്ചുയർന്ന സവാള വില താഴ്ന്ന് തുടങ്ങി. ഇന്നലെ കിലോ 70 രൂപയ്ക്കാണ് കൊല്ലത്തെ മൊത്ത വ്യാപാര സ്ഥാപനങ്ങളിൽ സവാളയെത്തിയത്. ചില്ലറ വില 75 ആയി. ചിലയിടങ്ങളിൽ 80 രൂപയ്ക്കും വിൽക്കുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച സവാളയ്ക്ക് പൊതുവിപണിയിൽ 95 രൂപയായിരുന്നു. ഇതേ ദിവസം ഹോർട്ടികോർപ്പ് 45 രൂപയ്ക്ക് സവാള വില്പന തുടങ്ങിയതോടെയാണ് പൊതുവിപണിയിലും വില ഇടിഞ്ഞ് തുടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങൾ ഹോർട്ടികോർപ്പ് ഔട്ട് ലെറ്റുകൾക്ക് അവധിയായിരുന്നു. ഇന്ന് മുതൽ വീണ്ടും തുറക്കുന്നതോടെ സവാള വില വീണ്ടും ഇടിയുമെന്നാണ് പ്രതീക്ഷ. ആദ്യ രണ്ട് ദിവസങ്ങളിൽ ഒരു കിലോ സവാള വീതമാണ് ഒരു ഉപഭോക്താവിന് നൽകിയിരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ നൽകാനുള്ള സാദ്ധ്യതയുണ്ട്. സംസ്ഥാനത്തെ വില നിയന്ത്രിക്കാൻ നാഫെഡ് വഴി പൂനെയിൽ നിന്നാണ് ഹോർട്ടി കോർപ്പ് കൂടുതൽ സവാളയെത്തിച്ചത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായ കൃഷിനാശമാണ് സവാള വില പെട്ടെന്ന് വർദ്ധിക്കാനുള്ള കാരണമായി പറയുന്നത്. ഓണത്തിന് ശേഷമാണ് വില കുത്തനെ ഉയർന്ന് തുടങ്ങിയത്.

 കൊച്ചുള്ളി വിലയും താഴ്ന്നു

കൊച്ചുള്ളിയുടെ വില ഇന്നലെ പൊതുവിപണിയിൽ 95 രൂപയായി താഴ്ന്നു. കഴിഞ്ഞ വെള്ളിയാഴ്ച 105 മുതൽ 110 വരെയായി ഉയർന്നിരുന്നു. വില ഉയർന്നതോടെ കച്ചവടം ഇടിഞ്ഞതാണ് വില ഇടിയാനുള്ള കാരണമായി പറയുന്നത്. കഴിഞ്ഞയാഴ്ചയുടെ തുടക്കത്തിൽ 85 രൂപയായിരുന്നു. അതിന് മുൻപ് 55 രൂപയായിരുന്നു.

 സവാളയുടെ വില മാറ്റം

ആഗസ്റ്റ് ആദ്യം- 20 രൂപ

ഓണക്കാലം- 25 രൂപ

ഈമാസം ആദ്യം- 50 രൂപ

ഈമാസം പകുതിയിൽ -70 രൂപ

കഴിഞ്ഞ വെള്ളിയാഴ്ച - 95 രൂപ

ഇന്നലെ - 75 രൂപ