 
കൊട്ടിയം: മയ്യനാട് റെയിൽവേ സ്റ്റേഷനോടുള്ള റെയിൽവേ അധികൃതരുടെ അവഗണനയ്ക്കെതിരെ റെയിൽവേ സ്റ്രേഷന് സമീപം വിജയദശമി അക്ഷരപൂജ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മയ്യനാട് റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ശബരിമല മാളികപ്പുറം മുൻ മേൽശാന്തി വി.എൻ. അനീഷ് നമ്പൂതിരി അക്ഷരദീപം കൊളുത്തി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രി സി. കേശവന്റെ ആത്മകഥയായ 'ജീവിതസമര'ത്തിന് മകൻ കെ. ബാലകൃഷ്ണൻ എഴുതിയ അവതാരിക വായിച്ചുകൊണ്ട് റിട്ട. പ്രിൻസിപ്പൽ എ.കെ. ജയശ്രീ 'മയ്യനാടിന്റെ ചരിത്രം പുനർവായനയ്ക്ക്' എന്ന പരിപാടിക്ക് തുടക്കം കുറിച്ചു.
മയ്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ, മുൻ പി.എസ്.സി അംഗം കെ. ബേബിസൺ, ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ജെ. ലിയോൺസ്, ആർ.എസ്. അബിൻ, ബി. ശങ്കരനാരായണപിള്ള, സച്ചിൻദാസ്, ബി. ഡിക്സൺ, ആയിഷ, സജീർ, റാഫേൽ കുര്യൻ, എച്ച്. ഖലീലുദ്ദീൻ, മധു ശാരദാ വിലാസിനി എസ്. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് കെ. നജിമുദ്ദീൻ സ്വാഗതവും വി. സന്തോഷ് നന്ദിയും പറഞ്ഞു. റോജി രവീന്ദ്രൻ, അപ്പുകുമാർ, ഡി.ഡി. സ്റ്റാലിൻ കുമാർ, ക്രിസ്റ്റി വിൽഫ്രഡ് എന്നിവർ നേതൃത്വം നൽകി.
വേണാട് അടക്കമുള്ള എക്സ്‌പ്രസ് ട്രെയിനുകളുടെ മയ്യനാട്ടെ സ്റ്റോപ്പുകൾ റദ്ദാക്കരുത്, മയ്യനാടിന്റെ ചരിത്ര സ്മാരകങ്ങളും സ്മൃതികളും മറയ്ക്കാനുള്ള റെയിൽവേയുടെ ശ്രമങ്ങൾ നിറുത്തലാക്കണം, മയ്യനാടിന്റെ റോഡ് ഗതാഗതം തകർക്കുന്ന റെയിൽവേ സിഗ്നൽ സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.