railway
മൈനാഗപ്പള്ളിയിലെ ലെവൽ ക്രോസ്

ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ റെയിൽവേ മേൽപ്പാലം പണിയണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കരുനാഗപ്പള്ളി - ശാസ്താംകോട്ട പ്രധാന പാതയിലെ മൈനാഗപ്പള്ളിയിലെ ലെവൽ ക്രോസുകൾ നാടിന്റെ ശാപമായാണ് യാത്രക്കാരും നാട്ടുകാരും പറയുന്നത്. മൈനാഗപ്പള്ളി പഞ്ചായത്തിന്റെ പരിതിയിൽ ചെറിയ ദൂരവ്യത്യാസത്തിനിടയിൽ മാത്രം ആറ് ലെവൽ ക്രോസുകളാണുള്ളത്. ലെവൽ ക്രോസിലെ ഗേറ്റടവിൽ കുടുങ്ങി ചികിത്സാ കിട്ടാൻ വൈകി പൊലിഞ്ഞ ജീവനുകളുടെ എണ്ണവും വളരെ കൂടുതലാണ്. തിരക്കേറിയ രാവിലെയും വൈകുന്നേരങ്ങളിലും ലെവൽ ക്രോസു കടന്നു കിട്ടാനുള്ള വാഹനങ്ങളുടെ പാച്ചിലിനിടെ ഉണ്ടായ റോഡപകടങ്ങൾ നിരവധിയാണ്.

പാലിക്കപ്പെടാത്ത തിരഞ്ഞെടുപ്പു വാഗ്ദാനം

ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു സമരങ്ങൾ നടത്തിയെങ്കിലും പാലിക്കപ്പെടാത്ത തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളുടെ പട്ടികയിൽ മൈനാഗപ്പള്ളിയിലെ റെയിൽവേ മേൽപ്പാലം ഒതുങ്ങി. കരുനാഗപ്പള്ളി- ശാസ്താംകോട്ട പ്രധാന പാതയിൽ മാളിയേക്കൽ ജംഗ്ഷനിലും മൈനാഗപ്പള്ളിയിലും മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യം അംഗീകരിച്ചു നിരവധി തവണ മേൽപ്പാലത്തിന് റെയിൽവേ അനുമതി നൽകിയെങ്കിലും ഫണ്ട് അനുവദിക്കുന്നതിലുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തർക്കം മേൽപ്പാലത്തിന് തടസമായി.മാളിയേക്കൽ ജംഗ്ഷനിൽ മേൽപ്പാലം നിർമ്മാണത്തിനുള്ള നടപടികൾ പുരോഗമിക്കുമ്പോൾ മൈനാഗപ്പള്ളിയെ അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്.


" കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൈനാഗപ്പള്ളിയിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഉൾപ്പടെ 57 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭിക്കുന്നതിനായി സമർപ്പിച്ചിട്ടുണ്ട്. നവംബർ മൂന്നിന് ഭരണാനുമതി ലഭിക്കും "

കോവൂർ കുഞ്ഞുമോൻ എം.എൽ.എ"


മൈനാഗപ്പള്ളിയുടെ വികസനത്തിന് തടസമായ ലെവൽ ക്രോസുകകളിൽ നാടിന് മോചനം നൽകാൻ റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കണം." എസ്. അജേഷ് ലോക്കൽ കമ്മിറ്റി അംഗം സി.പി.എം ,മൈനാഗപ്പള്ളി


"മൈനാഗപ്പള്ളിയിലെ റെയിൽവേ മേൽപ്പാലം വെറും ബഡ്ജറ്റ് പ്രഖ്യാപനമായി മാറാതിരിക്കണമെങ്കിൽ കക്ഷി രാഷ്ട്രീയ ഭേതമന്യേ പൊതുജനം സംഘടിക്കണം"

അനൂപ് അരവിന്ദ്

പ്രദേശവാസി


"ഒരു പഞ്ചായത്തിനെ രണ്ടായി വേർതിരിച്ചു കൊണ്ട് ആറു റെയിൽവേ ഗേറ്റു ഒരേ സമയം അsയ്ക്കുമ്പോൾ മൈനാഗപ്പള്ളി പഞ്ചായത്ത് സ്തംഭിക്കുന്ന അവസ്ഥയാണ്. സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലമാണ് മേൽപ്പാലം നിർമ്മാണം അനന്തമായി നീളുന്നത് "

അഡ്വ. തോമസ് വൈദ്യൻ

ചെയർമാൻ, മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാല ആക്ഷൻ കൗൺസിൽ