cpm

 സീറ്റ് ആവശ്യപ്പെട്ട് മൂന്ന് ഘടകകക്ഷികളുടെ കത്ത്

കൊല്ലം: നഗരസഭയിലെ എൽ.ഡി.എഫ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സി.പി.ഐ - സി.പി.ഐ ഉഭയകക്ഷി ചർച്ച നാളെ നടക്കും. ഇരുപാർട്ടികളുടെയും ജില്ലാ നേതാക്കളും നഗരപരിധിയിലെ ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. ഘടകകക്ഷികളായ ഐ.എൻ.എൽ, കേരളാ കോൺഗ്രസ്(ബി), ജനതാദൾ എന്നീ പാർട്ടികൾ സീറ്റ് ആവശ്യപ്പെട്ട് സി.പി.ഐ, സി.പി.എം ജില്ലാ നേതൃത്വങ്ങൾക്ക് കത്ത് നൽകിയിട്ടുണ്ട്. ഇവർക്ക് സീറ്റ് നൽകുന്ന കാര്യത്തിലും നാളത്തെ ചർച്ചയിൽ ധാരണയാകും.

കഴിഞ്ഞ തവണ നഗരസഭയിൽ കേരളാ കോൺഗ്രസ്(ബി), ജനതാദൾ, ഫോർവേർഡ് ബ്ലോക്ക് എന്നീ പാർട്ടികൾക്ക് ഓരോ സീറ്റ് വീതം നൽകിയെങ്കിലും മൂന്നിലും വിജയിച്ചില്ല. ഫോർവേർഡ് ബ്ലോക്ക് യു.ഡി.എഫിൽ പോയതിനാൽ ഒഴിഞ്ഞുകിടപ്പുള്ള സീറ്റിൽ സി.പി.എമ്മിനും സി.പി.ഐക്കും ഒരുപോലെ കണ്ണുണ്ട്.

പരാമവധി സീറ്റുകളിൽ മത്സരിക്കാനുള്ള ശ്രമത്തിലാണ് സി.പി.എമ്മും സി.പി.ഐയും. അതുകൊണ്ട് തന്നെ കൂടുതൽ സീറ്റ് ഘടകക്ഷികൾക്ക് വിട്ടുനൽകാൻ സാദ്ധ്യതയില്ല. പുതുതായി എത്തിയ കേരളാ കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം ഇതുവരെ നഗരസഭയിൽ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ചേരുന്ന ജില്ലാ എൽ.ഡി.എഫ് യോഗത്തിൽ സീറ്റുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകും.

 കഴിഞ്ഞ തവണ സി.പി.എം - സി.പി.ഐ മത്സരം

മതിലിൽ ഡിവിഷന്റെ കാര്യത്തിൽ കഴിഞ്ഞ തവണ സി.പി.എമ്മും സി.പി.ഐയും തമ്മിൽ ധാരണയിലെത്തിയില്ല. തുടർന്ന് ഇരുപാർട്ടികളും അവിടെ മത്സരത്തിനിറങ്ങിയിരുന്നു. ഒടുവിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഇത്തവണ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതെ പൂർണ ധാരണയിലെത്താനാണ് നീക്കം.

 2015ലെ സീറ്റ് വിഭജനം

സി.പി.എം: 35

സി.പി.ഐ: 17

കേരള കോൺഗ്രസ്(ബി): 1

ജനതാദൾ: 1

ഫോർവേഡ് ബ്ലോക്ക്: 1