photo

കൊല്ലം: ലക്ഷ്മിപ്പശുവിന് ഇപ്പോൾ മക്കൾ രണ്ടാണ്. മൂന്ന് മാസം പ്രായമുള്ള മണിക്കുട്ടിയും ഏഴ് മാസം പ്രായമുള്ള പോമറേനിയൻ നായ ടോബിയും ! തന്റെ പശുക്കിടാവായ മണിക്കുട്ടിക്കൊപ്പം ലക്ഷ്‌മി ടോബിയെയും പാലൂട്ടും. ലക്ഷ്മിയുടെ അകിടിൽ നിന്ന് നുണഞ്ഞ് നുണഞ്ഞ് ടോബി പാൽ കുടിക്കുന്നത് വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകക്കാഴ്ചയാണ്.

ചാത്തന്നൂർ കാരംകോട് കളത്തൂർ വീട്ടിൽ രവികുമാറിന്റെ വീട്ടിലാണ് വളർത്തുമൃഗങ്ങളുടെ ഈ അപൂർവ സ്നേഹം. രവികുമാറിന്റെ മകൾ ആര്യയ്ക്ക് പിറന്നാൾ സമ്മാനമായി കൂട്ടുകാരി നൽകിയതാണ് ടോബിയെ. ലക്ഷ്‌മിപ്പശു നേരത്തേതന്നെ വീട്ടിലെ അംഗമാണ്. ലക്ഷ്മിയുടെ കന്നിപ്രസവത്തിലെ കുട്ടി ചത്തു, രണ്ടാം പ്രസവത്തിലെ കുട്ടിയെ മറ്റൊരാൾക്ക് വിറ്റു. മൂന്ന് മാസം മുൻപാണ് ഒരു പശുക്കുട്ടിയെ പ്രസവിച്ചത്. വീട്ടുകാർ അതിന് മണിക്കുട്ടിയെന്ന് പേരുമിട്ടു. മണിക്കുട്ടി വന്നതോടെയാണ് ടോബി ഉഷാറായത്. പകൽ മുഴുവൻ മണിക്കുട്ടിക്കൊപ്പം കളിക്കും. പറമ്പിൽ മേയാൻ പോകുമ്പോൾ മണിക്കുട്ടിയുടെ കയറിന്റെ അറ്റം ടോബിയുടെ വായിലുണ്ടാകും.

രസക്കാഴ്ചയായി പാലുകുടി

ആദ്യമൊക്കെ പാൽ കുടിക്കാൻ മണിക്കുട്ടിക്കൊപ്പം ടോബി പോകുമായിരുന്നെങ്കിലും ലക്ഷ്‌മി കാലുകൊണ്ട് തട്ടി അകറ്റും. ഇപ്പോൾ ടോബി പാൽ കുടിക്കാൻ വന്നില്ലെങ്കിൽ ലക്ഷ്‌മിക്കും വിഷമമാണെന്ന് വീട്ടുകാർ പറയുന്നു.

ടോബിക്ക് ചിക്കനും മീനുമൊക്കെ വലിയ ഇഷ്ടമാണ്,​ പക്ഷേ,​ മണിക്കുട്ടി അടുത്തുണ്ടെങ്കിൽ ടോബിയും അസൽ വെജിറ്റേറിയനാകും. പിന്നെ ചോറും ബിസ്കറ്റും പലഹാരങ്ങളുമേ ടോബി കഴിക്കൂ.