കൊല്ലം: ഹൈടെക് നിലവാരത്തിലുള്ള സ്വന്തം കെട്ടിടങ്ങളിലേക്ക് എല്ലാ അങ്കണവാടികളും വൈകാതെ മാറുമെന്ന് മന്ത്രി കെ.രാജു. പുനലൂർ നേതാജി വാർഡിൽ പുതുതായി നിർമിക്കുന്ന ഹൈടെക് അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പരിമിതമായ സാഹചര്യങ്ങളിൽ വാടക കെട്ടിടങ്ങളിലും കടകളുടെ ചായ്പ്പുകളിലുമാണ് കുറച്ചുകാലം മുൻപ് വരെ പല അങ്കണവാടികളും പ്രവർത്തിച്ചുകൊണ്ടിരുന്നത്. കുട്ടികളുടെ മാനസികോല്ലാസം വർദ്ധിപ്പിക്കുക, മികച്ച പഠനാന്തരീക്ഷം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സർക്കാർ അങ്കണവാടികൾക്ക് സ്വന്തം കെട്ടിടങ്ങൾ ഒരുക്കുന്നത്.വയോജന ക്ഷേമത്തിനായി കൂടുതൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് പകൽ വീട് പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാരെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പുനലൂർ നഗരസഭാ ചെയർമാൻ കെ.എ.ലത്തീഫ് അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ സബീന സുധീർ, സെക്രട്ടറി രേണുകാദേവി, വാർഡ് കൗൺസിലർ സുശീല രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

 ആറ് സെന്റിൽ 52 ലക്ഷം മുടക്കി ആധുനിക നിർമ്മാണം


മന്ത്രി കെ.രാജുവിന്റെ ആസ്തി വികസന ഫണ്ടിൽനിന്നും 20 ലക്ഷം രൂപയും പുനലൂർ നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നും 32 ലക്ഷം രൂപയും ഉൾപ്പെടെ 52 ലക്ഷം രൂപയാണ് പുതിയ കെട്ടിടത്തിനായി അനുവദിച്ചത്. പ്രദേശവാസികളായ രാജലക്ഷ്മി 3.5 സെന്റും മനോജ്, ഗ്രീഷ്മ എന്നിവർ ചേർന്ന് 2.5 സെന്റ് വസ്തുവുമാണ് അങ്കണവാടി പണിയുന്നതിനായി നൽകിയത്. ആറ് സെന്റ് സ്ഥലത്ത് അങ്കണവാടി കെട്ടിടം, സേവാകേന്ദ്രം, യോഗ ഹാൾ എന്നിവയാണ് നിർമിക്കുന്നത്. ഹാബിറ്റാറ്റിനാണ് നിർവഹണ ചുമതല.