
വടക്കുപടിഞ്ഞാറിന്റെ തുടർച്ചയാണ് ഇക്കുറിയും. വടക്കുപടിഞ്ഞാറു ഭാഗത്ത് പൊതുവെ കണ്ടുവരുന്നത് കാർപോർച്ച് പണിയുന്നതും വടക്കു പടിഞ്ഞാറ് മതിലിനോട് ചേർത്ത് ഒട്ടേറെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന രീതിയുമാണ്.  ഇത് വാസ്തു വിരുദ്ധമാണ്. പലേടത്തും പുറത്തുള്ള കുളിമുറിയോ കക്കൂസോ, പട്ടിക്കൂടോ ചെറിയ അടുക്കളയോ പാചകപ്പുരയോ ഒക്കെ ഒന്നുകിൽ മതിലിനോട് ചേർത്ത് നിർമ്മിച്ചുകാണുന്നു. അല്ലെങ്കിൽ വീടിനോട് തള്ളി നിർത്തി ചരിപ്പായി ഇറക്കി ചെയ്യുകയോ ചെയ്യുന്നു. ഈ രണ്ടു രീതികളും തെറ്റാണ്. വടക്കുപടിഞ്ഞാറ് മതിലിനോട് ചേർത്തോ, വീടിനോട് ചേർത്തോ യാതൊരു വിധ നിർമ്മാണവും നടത്തരുത്. മതിനോടും വീടിനോടും ചേരാതെ നിർമ്മാണമാവാം. പക്ഷേ ആ നിർമ്മാണം വീടിന്റെ ലിന്റൽ മട്ടത്തിന് മേൽ ഉയരമായി പോകാതെ നോക്കണം. ഉയരം പരമാവധി കുറഞ്ഞിരിക്കണമെന്ന് സാരം. കാർ പോർച്ചും വടക്കുപടിഞ്ഞാറു പണിയാം. പക്ഷേ വീടിനോടോ മതിലിനോടോ ചേരാതെ വേണം പണിയേണ്ടത്. വീടിന്റെ വടക്കുപടിഞ്ഞാറ് ചിലർ  അടുക്കള വയ്ക്കാറുണ്ട്. തെക്ക് കിഴക്കിൽ അടുക്കളയ്ക്ക് സ്ഥാനമില്ലെങ്കിൽ മാത്രമെ അത് ചെയ്യാവൂ. വടക്കു പടിഞ്ഞാറു മുറിയിൽ വീട്ടിലെ ഗൃഹനായികയോ ഗൃഹനാഥനോ കുട്ടികളോ കിടക്കാതിരിക്കുന്നതാണ് കൂടുതൽ ഉത്തമം. വടക്കു പടിഞ്ഞാറു മുറി യാതൊരു കാരണവശാലും തെക്കുപടിഞ്ഞാറിലെ മാസ്റ്റർ ബെഡ് റൂമിനെക്കാൾ വലുതായിരിക്കരുത്.വടക്കു പടിഞ്ഞാറു മുറിയുടെ വാതിൽ വഴി തെക്കുകിഴക്കു നിന്ന് ചരിവായി പ്രവഹിക്കുന്ന പ്രാണികോർജം കടന്നു പോകണം. ഇത്  തടസപ്പെടാനിടയാവരുത്. വടക്കുപടിഞ്ഞാറിൽ അടുക്കള നിർമ്മിക്കേണ്ടിവരുമ്പോൾ മുറിയുടെ വലിപ്പം കൂടാനിടയാവുകയോ അത് കന്നിമുറിയെക്കാൾ വലുതാവാനുമിടയുണ്ട്. അത് വലിയ നഷ്ടങ്ങൾക്കും ക്ലേശങ്ങൾക്കും പൊരുത്തമില്ലായ്മയ്ക്കും കാരണമാവാം.
വടക്കു പടിഞ്ഞാറു മാത്രമേ വഴിയായി സജ്ജമാക്കാൻ കഴിയൂ എന്ന അവസ്ഥയുണ്ടെങ്കിൽ കൃത്യം വടക്കു പടിഞ്ഞാറു മൂലയിൽ നിന്ന് നാലടിയെങ്കിലും തള്ളി മാത്രമേ വീട്ടിലേയ്ക്കുള്ള വാതിലോ, ഗേറ്റോ ഒക്കെ വയ്ക്കാവൂ. പക്ഷേ വീടിന്റെ പ്രധാനവാതിൽ ഈ വഴിയിലേയ്ക്ക്  നോട്ടം വരുന്നപോലെ വയ്ക്കുകയുമരുത്. അഴുക്ക് വെള്ള നിർഗമനത്തിനായി വാസ്തുപരമായി സ്ഥലമുളളത് വടക്കു പടിഞ്ഞാറു തന്നെയാണ്. പക്ഷേ  അത് ചെയ്യുമ്പോൾ വീടിന്റെയോ മതിലിന്റെയോ മൂലകൾ മുറിയാതെ നോക്കണം. വടക്കു പടിഞ്ഞാറ് വൃക്ഷങ്ങൾ വയ്ക്കുമ്പോഴും അത് മതിലിനെയോ വീടിനെയോ  അസ്ഥിരപ്പെടുത്താതെ വയ്ക്കണം. വലിയ വൃക്ഷങ്ങൾ വടക്കു പടിഞ്ഞാറു നിന്നാൽ അതിന്റെ  വേര് വീട്ടിനടിയിലൂടെയോ മതിലിനടിയിലൂടെ വളർന്ന് വരാനിടയാവും. ഇത് നിർമ്മാണം വളർന്ന പ്രതീതി സൃഷ്ടിക്കുകയും വീട്ടിൽ നിന്നോ മതിലിൽ നിന്നോ ഉളള തള്ളായി പരിണമിച്ച് പ്രതികൂല ഊർജങ്ങൾ ഉണ്ടാകാനുമിടയുണ്ട്.അതുകൊണ്ട് ഈ ഭാഗത്ത് വലിയ വൃക്ഷങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം. നേർകിഴക്കോട്ടാണ് വീട് നിൽക്കുന്നതെങ്കിൽ പ്രധാന ഗേറ്റിന് നേർ എതിർ വശത്ത് പടിഞ്ഞാറായി മറ്റൊരു ചെറിയ വാതിലും വയ്ക്കാം. വാസ്തുവിന്റെ മദ്ധ്യഭാഗം ഒഴിച്ചിടുന്നതും നന്നായിരിക്കും.
സംശയങ്ങളും മറുപടിയും
വരാന്ത കേരളത്തിൽ ഇഷ്ടനിർമ്മാണമാണ്. ഇതിന്റെ ഉദ്ദേശമെന്താണ്?
സന്തോഷ്  ശ്രീകാര്യം
വരാന്ത ഏറ്റവും നല്ല ഊർജമേഖലയാണ്. തടസമില്ലാതെ ഊർജങ്ങൾ ഒഴുകിപ്പരക്കാനിടയാവും. വരാന്തയുണ്ടെങ്കിൽ അത്രയും സ്ഥലം അധിക സ്ഥലമായിമാറി നല്ലഫലങ്ങൾ പ്രധാനം ചെയ്യും. വടക്കും കിഴക്കും വരാന്ത വരുന്നതാണ് ഏറ്റവും ഉത്തമം. തെക്ക് വരാന്ത ഉണ്ടെങ്കിൽ അരമതിൽ കെട്ടുന്നത് നന്നായിരിക്കും. പടിഞ്ഞാറോട്ട് ദർശനമായ വീടാണെങ്കിൽ മാത്രം പടിഞ്ഞാറ് വരാന്ത മതി. പക്ഷേ പടിഞ്ഞാറ് വരാന്തയുണ്ടെങ്കിൽ കിഴക്കിൽ നിർബന്ധമായും വരാന്ത ഉണ്ടാവണം.