കരുനാഗപ്പള്ളി: 2018 -20 വർഷത്തിൽ കേരളത്തിന്റെ സാമൂഹിക പുരോഗതിക്കു മികച്ച സംഭാവനകൾ നൽകിയവരെ കണ്ടെത്തുവാൻ കേരള റൂറൽ ഡെവലപ്മെന്റ് ഏജൻസിക്കു കീഴിൽ പ്രവർത്തിക്കുന്ന എന്റെ റേഡിയോ പാലക്കോട് ബിൽഡേഴ്‌സും കേരള കൗമുദിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന കേരള സോഷ്യൽ ഐക്കൺ 2020 ഒരു മഹത്തായ മാതൃകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കേരള സോഷ്യൽ ഐക്കൺ 2020 ന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ .ആർ .ഡി .എ ചെയർമാൻ എം. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പാലക്കോട്ടു ബിൽഡേഴ്‌സ് മാനേജിംഗ് ഡയറക്ടർ സുരേഷ് പാലക്കോട്ടു മുഖ്യാതിഥിയായി. ഡോ. കെ. എം . അനിൽ മുഹമ്മദ് സോഷ്യൽ ഐക്കൺ ആശയം അവതരിപ്പിച്ചു.

കേരള സോഷ്യൽ ഐക്കൺ 2020 മത്സരം

കേരള സോഷ്യൽ ഐക്കൺ 2020 മത്സരം ആരംഭിച്ചു. പ്രാഥമിക റൗണ്ടിലേക്കുള്ള 50 പേരെ നാമനിർദ്ദേശം ചെയ്യുകയാണ് ആദ്യഘട്ടം . പ്രധാനമായും ശ്രോതാക്കളിൽ നിന്നും പ്രേക്ഷകരിൽ നിന്നും മറ്റു പൊതു സമൂഹത്തിൽ നിന്നുമാണ് എൻട്രികൾ സ്വീകരിക്കുന്നത് . കല, സാഹിത്യം, ശാസ്ത്രം,കായിക വിനോദം പൊതു പ്രവർത്തനം അടക്കമുള്ള എല്ലാ മേഖലകളിലും 2018 -2020 വർഷക്കാലം സാമൂഹിക പുരോഗതിക്കായി സംഭാവന നൽകിയ ജീവിച്ചിരിക്കുന്നവരെയാണ് നാമനിർദ്ദേശം നടത്തേണ്ടത്. ഇങ്ങനെ നാമനിർദ്ദേശം നടത്തുന്നവരുടെ ആദ്യലിസ്റ്റ് നവംബർ 13ന് വെബ് സൈറ്റിലൂടെ അറിയിക്കും .സോഷ്യൽ ഐക്കൺ 2020 ജൂറി അംഗങ്ങളായായി ജസ്റ്റിസ് കമൽ പാഷ, പി.ഡി.ടി ആചാരി (മുൻ ലോക് സഭസെക്രട്ടറി ജനറൽ) , ഗാനരചയിതാവ് രാജീവ് ആലുങ്കൽ എന്നിവരാണ് പങ്കെടുക്കുക.

നാലു ഘട്ടങ്ങളിലായി ജനുവരി 26 ന് മത്സരം പൂർത്തിയാകും. ആദ്യഘട്ടത്തിലെ 50 പേരെ ഓൺലൈൻ വോട്ടെടുപ്പിലൂടെ രണ്ടാം ഘട്ടത്തിലെ 25 പേരായി ചുരുക്കുകയും പിന്നീടത് 10
ലേക്കും ഒടുവിൽ 5 സാമൂഹിക പ്രതിഭകളെയുമാണ് കണ്ടെത്തുക. ഈ മത്സരത്തിലേക്ക് നിർദ്ദേശിക്കേണ്ടവരുടെ പേര് : 7034273912 എന്ന നമ്പറിലേക്കു വാട്സ്ആപ് ചെയ്യുകയോ keralasocialicon2020@gmail.com എന്ന ഇ -മെയിൽ ഐഡിയിലേക്കു മെയിൽ അയക്കുകയോ ചെയ്യാം.