malani

പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരം. കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നെങ്കിൽ അത് മനോനില തെറ്റിക്കുകയും ജീവിതം തകർക്കുകയും ചെയ്യും. എന്നാൽ, കഞ്ചാവുവലി അനുഷ്ഠാനമായ ഒരു ഗ്രാമമുണ്ട്. മലാന. ഹിമാചൽപ്രദേശിലെ കുളു താഴ്വരയിലാണ് ഈ ഗ്രാമം. മലാനക്രീം എന്ന ലഹരിയുടെ പേരിലാണ് നൂറ്റാണ്ടുകളായി ഇവിടം അറിയപ്പെടുന്നത്. ഹിമാലയത്തിന്റെ ഏതൻസ് എന്നും വിളിപ്പേരുണ്ട്. ഈ ഗ്രാമത്തിലേക്കെത്തിച്ചേരണമെങ്കിൽ നാലു ദിവസത്തെ മലകയറ്റമുണ്ട്. ഹിമാലയൻ മലനിരകളാൽ ചുറ്റപ്പെട്ട ഗ്രാമം. പുറംലോകവുമായി ഈ ഗ്രാമീണർക്ക് ഒരു അടുപ്പവുമില്ല. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ ഗ്രാമങ്ങളിലൊന്ന്. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഇവരുടെ ആചാരങ്ങൾ.

അലക്സാണ്ടറുടെ പിൻഗാമികൾ

ജാംബ്‌ലു എന്ന ദേവതയാണ് മലാന നിവാസികളുടെ (മലാനികൾ) ദൈവം. ജാംബ്‌ലു ദേവതയുടെ പ്രതിനിധികളായ ഗ്രാമസഭയാണ് മലാനയെ ഭരിക്കുന്നത്. രൂപത്തിൽ പോലും മറ്റു ഹിമാചൽ സ്വദേശികളിൽ നിന്നു വ്യത്യസ്തരായ മലാനികൾ വിശ്വസിക്കുന്നത് അവർ മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ സൈനികരുടെ പിൻഗാമികളാണെന്നാണ്. മഞ്ഞ് പെയ്യാത്ത ആറ് മാസങ്ങളിലാണ് മലാനയിലുള്ളവർ സ്വാഭാവിക ജീവിതം നയിക്കുന്നത്. കിലോ മീറ്ററുകൾ താണ്ടി വിറക് ശേഖരിക്കുകയും ശൈത്യം വരുമ്പോൾ വീട്ടിൽ ചടഞ്ഞുകൂടുന്നതുമാണ് ഇവരുടെ രീതി. തണുപ്പു കാലത്ത് മഞ്ഞ് വീണ് ഗ്രാമം തന്നെ മൂടിപ്പോകും. ആട്ടിടയന്മാരാണ് മലാനികൾ. അതിരാവിലെ ആട്ടിൻപറ്റങ്ങളുമായി അവർ മല കയറും. ഗ്രാമത്തിന്റെ പരിസരം വിട്ടെങ്ങും പോകാറില്ല. പുറംനാടുകളിൽ ജോലിക്കു പോകുന്നത് ഇവരുടെ ആചാരങ്ങൾക്ക് എതിരാണ്.

സ്ത്രീകളിൽ അധികം പേരും വീട്ടുജോലികൾ നോക്കും. ചിലർ കൂട്ടം കൂടിയിരുന്നു തണുപ്പിനെ മറികടക്കാനുള്ള കുപ്പായങ്ങൾ തുന്നും. ചിലർ കാട്ടുതേനും മറ്റ് ഗ്രാമവിഭവങ്ങളും വിൽക്കാൻ പോകും. കാട്ടുതേൻ ശേഖരിക്കുന്നത് ഗ്രാമത്തിലെ കുട്ടികളാണ്. ഗ്രാമത്തിൽ ഒരു സ്കൂളുണ്ടെങ്കിലും കാട്ടുതേൻ വിറ്റും മുതിർന്നവരെ ജോലിയിൽ സഹായിച്ചുമാണ് കുട്ടികൾ വളരുന്നത്.

ഭാഷയും വീടും

കനാഷിയാണു മലാനികളുടെ ഭാഷ. ആയിരത്തി എഴുന്നൂറോളം വരുന്ന മലാനികളുടെ മാത്രം ഭാഷ.

തടിയിൽ നിർമ്മിച്ച വീടുകളാണ് മലാനയിലേത്. കുന്നിൻ ചെരിവിൽ മറ്റൊരു കുന്നിന്റെ കാഴ്ചയിലേക്ക് തുറക്കുന്ന ജനലുകളുള്ള ഈ വീടുകൾ ഏതു നിമിഷവും താഴേക്കു പതിക്കുമെന്നു തോന്നും. പക്ഷേ, ഏതു കാലാവസ്ഥയെയും മറികടക്കുന്ന രീതിയിലാണ് നിർമ്മാണം. കല്ലുചെത്തി, ഒരുക്കിയെടുക്കുന്ന മേൽക്കൂരയും തറനിരപ്പിൽ നിന്ന് ഉയരത്തിലുള്ള കിടപ്പുമുറികളുമെല്ലാം മലാനയിലെ വീടുകളുടെ സവിശേഷതയാണ്. ചോറു തന്നെയാണ് മലാനികളുടെ പ്രധാനഭക്ഷണം.

പുറംനാട്ടുകാരെ അവർ വീടുകളിൽ പ്രവേശിപ്പിക്കാറില്ല. പുറംനാട്ടുകാർ തൊട്ടാൽ, വീടും ക്ഷേത്രങ്ങളും അശുദ്ധമാവും. അതിനു കാരണമാവുന്നവർ ശുദ്ധീകരണക്രിയകൾക്കു വലിയൊരു സംഖ്യ പിഴ ഒടുക്കേണ്ടിയും വരും.

മലാന ക്രീം

'മലാന ക്രീം' എന്നാണ് ഇവിടുത്തെ കഞ്ചാവ് അറിയപ്പെടുന്നത്. ഉയർന്ന ഗുണമേന്മയുള്ള ഇവ ആംസ്റ്റർഡാമിലെ കോഫിഷോപ്പുകളിലേക്കാണ് കയറ്റി അയക്കുന്നത്. ഗുണമേന്മക്കുള്ള കനാബിസ് കപ്പ് പുരസ്കാരം രണ്ട് തവണ നേടിയിട്ടുമുണ്ട് 'മലാന ക്രീം". ഇവിടുത്തെ പ്രാദേശിക ഭരണകൂടങ്ങൾക്കും കഞ്ചാവിനോട് എതിർപ്പില്ല. ഇത് അവർക്ക് പാരമ്പര്യത്തിന്റെ ഭാഗമാണ്. കുത്തനെയുള്ള ഹിമാലയൻ പ്രകൃതിയിൽ അവർക്ക് വളർത്താനും വിൽക്കാനും പണം വാങ്ങാനും കഴിയുന്ന ഏക നാണ്യവിളയാണ് കഞ്ചാവ്. ഗ്രാമത്തിൽ നിന്ന് അൽപ്പം ദൂരെ കാടിനോട് ചേർന്നാണ് ഇവരുടെ കഞ്ചാവ് കൃഷി.