
വളരെ വിചിത്രമായ ജീവിത ശൈലിയും പാരമ്പര്യങ്ങളും പിന്തുടരുന്നവരാണ് പപ്പുവ ന്യൂഗിനിയുടെ ഭാഗമായ ട്രോബ്രിയാന്ദ് എന്ന ഗോത്ര വർഗം. ലോകത്തെങ്ങുമില്ലാത്ത കൗതുകകരമായ ചില കാര്യങ്ങളാണ് ഈ ദ്വീപ സമൂഹത്തിൽ നിലനിൽക്കുന്നത്. ഇവർ പരസ്പ്പരം വഴക്കിടുകയോ സംഘട്ടനങ്ങളിൽ ഏർപ്പെടുകയോ ചെയ്യാറില്ല എന്നതാണ് കൗതുകരമായ കാര്യം. പപ്പുവ ന്യൂഗിനിയിലെ ഈ ദ്വീപ് 1793ൽ ഡെനിസ് ഡേ ട്രോബ്രിയന്ദ് എന്ന കപ്പിത്താനാണ് കണ്ടുപിടിച്ചത്. അങ്ങനെയാണ് ഇതിനു ട്രോബ്രിയാന്ദ് ദ്വീപ് എന്ന പേരു വീണത്. 1894 ൽ മെത്തഡിസ്റ്റ് മിഷനറികളുടെ വരവോടെയാണ് ദ്വീപ് പുറംലോകമറിയുന്നത്. വിവാഹം ഇവിടെ വലിയ മഹത്വമുള്ള കാര്യമല്ല. ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളരുന്നവർ യൗവനമെത്തുന്നതോടെ ഒരുമിച്ചു കഴിയാൻ തുടങ്ങുന്നു. എപ്പോൾ വേണമെങ്കിലും ഇവർക്ക് ബന്ധം പിരിയാം. കൂടാതെ പരസ്പ്പര ധാരണയോടു കൂടി ഭാര്യമാരെ കൈമാറ്റം ചെയ്യുന്നതും ഇവിടെ നിയമവിരുദ്ധമല്ല. കുഞ്ഞുങ്ങൾ ജനിക്കുന്നത്തിനു കാരണം ലൈംഗിക ബന്ധവും ഗർഭധാരണവും അല്ലാതെ ദൈവത്തിന്റെ അനുഗ്രഹം ഒന്നുമാത്രമാണെന്ന് വിശ്വസിക്കുന്നവരാണ് ഈ ഗോത്രവർഗം. ഉണങ്ങിയ വാഴയിലകൾ ഇവിടെ കറൻസിയായി ഉപയോഗിക്കുന്നു എന്നതാണ് മറ്റൊരു രസകരമായ കാര്യം. സ്ത്രീകളാണ് ഇത് ശേഖരിക്കുന്നതും കൂടുതൽ പ്രചരിപ്പിക്കുന്നതും. വിദേശികൾ ഈ വാഴയില കറൻസികൾ വലിയ വിലകൊടുത്ത് ഇവരോട് വാങ്ങാറുണ്ട്. അമ്പതു വാഴയില കറൻസി ഒരു യൂറോക്ക് തുല്യമായി കണക്കാക്കുന്നു. വാഴയില കറൻസികൊണ്ട് ആഹാരസാധനങ്ങൾ വരെ കടകളിൽ നിന്ന് ഇവർ വാങ്ങാറുണ്ട്. കൂടാതെ ഇവർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്ക് പരിഹാരമായി മുതിർന്നവർ ഇടപെട്ട് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച് അതിലൂടെ സൗഹൃദം പുനഃസ്ഥാപിക്കുന്നതാണ് രീതി. ഈ മത്സരങ്ങളിൽ സ്ത്രീകളും പങ്കെടുക്കും.