
കൊല്ലം: ഇടവേളയ്ക്ക് ശേഷം മൺറോത്തുരുത്ത് വീണ്ടും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നു, കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവച്ചിരുന്ന വില്ലേജ് ടൂറിസം പുനരാരംഭിച്ചു. ജില്ലാ ടൂറിസം അധികാരികളും മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്ത് അധികൃതരും ഹോം സ്റ്റേ, റിസോർട്ട് ഉടമകൾ, വഞ്ചിക്കാർ, ബോട്ട് ഉടമകൾ തുടങ്ങിയ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുമായി നടന്ന ചർച്ചയിലാണ് ആരോഗ്യവകുപ്പിന്റെ കർശന നിയന്ത്രണങ്ങളോടെ ടൂറിസം പുനരാരംഭിക്കാൻ ധാരണയായത്. ഇനി ഇവിടേക്ക് സഞ്ചാരികൾ കൂട്ടമായെത്തും. വിദേശികളും സ്വദേശികളുമായി മൺറോത്തുരുത്തിന്റെ കാഴ്ചകൾ കാണാൻ വലിയ ആൾത്തിരക്കുണ്ടായിരുന്നു. കൊവിഡിനെ തുടർന്ന് എല്ലാം നിശ്ചലമായി. നാലഞ്ച് വർഷം മുമ്പുവരെ കായലിലും ആറ്റിലുമൊക്കെയായി മത്സ്യ ബന്ധനത്തിന് മാത്രമാണ് വള്ളങ്ങൾ ഇറങ്ങിയിരുന്നതെങ്കിൽ പിന്നീട് സഞ്ചാരികളെക്കാത്ത് നൂറുകണക്കിന് വള്ളങ്ങളെത്തി. നാടിന്റെ പൊതു വികസനത്തിനും അത് വഴിയൊരുക്കി. ഹോം സ്റ്റേകളും റിസോർട്ടുകളും മറ്റ് ഭക്ഷണശാലകളുമൊക്കെ അനുബന്ധമായി വന്നുചേർന്നു. വീടുകളുടെ നല്ലൊരു ഭാഗവും ടൂറിസ്റ്റുകൾക്കായി മാറ്റിയിട്ടതോടെ ഓരോ കുടുംബത്തിനും വൻ തോതിൽ വരുമാനവുമായി. എന്നാൽ, കൊവിഡ് അപ്രതീക്ഷിതമായി കടന്നുവന്നതോടെ എല്ലാം തകിടം മറിഞ്ഞു. ആളനക്കമില്ലാതെ വന്നതോടെ വള്ളങ്ങളും അനുബന്ധ സൗകര്യങ്ങളുമൊക്കെ നശിക്കാൻ തുടങ്ങിയതുമാണ്. ഇപ്പോൾ വീണ്ടും ടൂറിസം മേഖല തുറന്നുകൊടുത്തതോടെ ഇനി മൺറോത്തുരുത്ത് ഉണരും. വിദേശികളുടെ സാന്നിദ്ധ്യം അടുത്തെങ്ങും ഉണ്ടാകാനിടയില്ല. എന്നാൽ സ്വദേശികളെത്തും. മൺറോത്തുരുത്തിന്റെ പല ഭാഗങ്ങളിലായി വഞ്ചിക്കാർ സഞ്ചാരികളെ തുരുത്ത് ചുറ്റിക്കാണിക്കാൻ കാത്തുകിടക്കുന്നുണ്ട്. അങ്ങിങ്ങായി ഏതാനും റിസോർട്ടുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ലോണെടുത്തും പണയപ്പെടുത്തിയുമൊക്കെ ഹോംസ്റ്റേകളും ഭക്ഷണശാലകളുമൊക്കെ ആരംഭിച്ചവർ സഞ്ചാരികളുടെ മടങ്ങിവരവിൽ പ്രതീക്ഷയർപ്പിച്ച് തുടങ്ങിയിരിക്കയാണ്.
ആറ്റിലും കൈത്തോടുകളിലുമൊക്കെയായിട്ടാണ് മൺറോത്തുരുത്തിലെ വിനോദ യാത്രകൾ. കാണാൻ ഒത്തിരിയുള്ളതിനാൽ കണ്ണടയ്ക്കാൻ തോന്നില്ലെന്ന് സഞ്ചാരികൾ പറയാറുണ്ട്. കണ്ടൽ കാടുകൾക്കിടയിലൂടെയുള്ള യാത്രാനുഭവനം ഒന്നുവേറെയാണ്. കണ്ടൽ ഗുഹയുമുണ്ട്. ചെറു വള്ളങ്ങളിലുള്ള മൺറോത്തുരുത്ത് യാത്ര നടപ്പാലങ്ങളിൽ തലമുട്ടാതെ കുനിഞ്ഞും നിവർന്നുമുള്ളതാണ്. കാരൂത്രക്കടവിൽ നിന്ന് മണക്കടവിലേക്കുള്ള യാത്രയിൽ പത്തിലധികം നടപ്പാലങ്ങളുണ്ട്. ചെറുതോടുകളിലേക്ക് വീണുകിടക്കുന്ന തെങ്ങോലകളെ തഴുകിയും കണ്ടൽക്കാടുകൾക്കിടയിൽക്കൂടി കടന്നുമുള്ള യാത്രയിൽ വിനോദ സഞ്ചാരികൾക്ക് പാലമെത്തുമ്പോൾ തലകുനിക്കുന്നത് അലോസരത്തേക്കാളേറെ ആനന്ദമാണുണ്ടാക്കുന്നത്. വള്ളത്തിലെ സുന്ദരയാത്രകഴിഞ്ഞാൽ ഭക്ഷണ വിഭവങ്ങളും സഞ്ചാരികൾക്ക് ഹൃദ്യമാണ്. കൊഞ്ചും കക്കയും കരിമീനുമാണ് പ്രധാന വിഭവങ്ങൾ. പെടയ്ക്കുന്ന മീന് സഞ്ചാരികളെ കാട്ടി നിമിഷങ്ങൾക്കകം തീൻമേശയിലെത്തിക്കുന്ന രീതിയുമുണ്ട്.