malinyam

 ഹെൽത്ത് സ്ക്വാഡും പൊലീസും കൊവിഡ് ഡ്യൂട്ടിയിൽ

കൊല്ലം: പൊലീസിനും ഹെൽത്ത് സ്ക്വാഡിനും കൊവിഡ് അധിക ചുമതല വന്നതോടെ പൊതുസ്ഥലങ്ങളിൽ മാലിന്യനിക്ഷേപം വർദ്ധിച്ചു. പരിശോധന അയഞ്ഞതാണ് നാടിനെ മൂക്ക് പൊത്തിക്കുന്നത്.

ദേശീയപാത ഉൾപ്പെടെയുള്ള റോഡുകൾ, ജനവാസ മേഖലകൾ, പൊതുകുളങ്ങൾ, ഓടകൾ, തോടുകൾ എന്നിവിടങ്ങളിലാണ് മാലിന്യനിക്ഷേപം പതിവായിരിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് അടഞ്ഞുകിടന്ന ഹോട്ടലുകളും കാറ്ററിംഗ് സ്ഥാപനങ്ങളും കോഴിക്കടകളും പ്രവർത്തനം പുനരാരംഭിച്ചതോടെ മാലിന്യം തള്ളൽ രൂക്ഷമാകുകയാണ്.

രാത്രികാലങ്ങളിൽ ചാക്കുകളിലും പ്ളാസ്റ്റിക് കവറുകളിലും നിറച്ചാണ് മാലിന്യം ഉപേക്ഷിക്കുന്നത്. പല സ്ഥലത്തും റസി. അസോസിയേഷനുകളും നാട്ടുകാരും ഉറക്കമിളച്ച് കാവലിരുന്ന് തുടങ്ങിയതോടെ സാമൂഹ്യവിരുദ്ധർ വിജനമായ സ്ഥലങ്ങളാണ് തിരഞ്ഞെടുക്കുന്നത്. കൊവിഡ് പരിശോധനകൾ,​ സി.എഫ്.എൽ.ടി.സികൾ,​ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ ചുമതലകൾ വന്നതോടെയാണ് കൊല്ലം നഗരസഭയിലും മുൻസിപ്പാലിറ്റികളിലും ഹെൽത്ത് സ്ക്വാഡുകളുടെ പ്രവർത്തനം നിർജ്ജീവമായത്.

 മാലിന്യം കുമിയാൻ കാരണം

1. ഹോട്ടൽ മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്ന ഏജൻസികൾ ലോക്ക്ഡൗണോടെ പ്രവർത്തനം നിറുത്തി

2. ജൈവവള നിർമ്മാണത്തിനും പന്നി ഫാമുകൾക്കുമായിട്ടായിരുന്നു മാലിന്യം ശേഖരിച്ചിരുന്നത്

3. രണ്ട് മാസത്തിനകം സെപ്റ്റേജ് മാലിന്യമുൾപ്പെടെ ഉപേക്ഷിക്കപ്പെട്ട 26 പരാതികൾ ഉയർന്നു

4. ആകെ പിടിച്ചെടുത്തത് ഓച്ചിറ സ്റ്റേഷൻ പരിധിയിൽ സെപ്റ്റേജ് മാലിന്യം ഉപേക്ഷിച്ച വാഹനം

5. തെളിവില്ലാത്തതിനാൽ പലസംഭവങ്ങളിലും പ്രതികൾ രക്ഷപ്പെടുന്നു

''

കൊല്ലം കോർപ്പറേഷനിൽ പത്ത് ഡിവിഷനുകളിലായി പത്ത് സ്ക്വാഡുകളും ഒരു സെൻട്രലൈസ്ഡ് സ്ക്വാഡും ഉണ്ടെങ്കിലും കൊവിഡ് തുടങ്ങിയശേഷം ഹെൽത്ത് ജീവനക്കാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകൾ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലാണ്. റസി. അസോസിയേഷനുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും കാമറകളെയാണ് ആശ്രയിക്കുന്നത്.

ഷാജി, ഹെൽത്ത് സൂപ്പർവൈസർ, കൊല്ലം നഗരസഭ