
 ആഭ്യന്തര ഉത്പാദനം വർദ്ധിക്കുമെന്ന് പ്രതീക്ഷ
കൊല്ലം: പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ചതോടെ ജില്ലയിലെ ആഭ്യന്തര ഉത്പാദനത്തിൽ വർദ്ധനവിന് സാദ്ധ്യത. നിശ്ചിത വില ലഭിക്കുമെന്ന വിശ്വാസത്തോടെ യുവാക്കൾ ഉൾപ്പെടെ കൃഷിഭൂമിയിലേക്ക് ഇറങ്ങാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
നാട്ടിൽ ഉത്പാദിപ്പിക്കുന്ന 16 ഇനം പച്ചക്കറികൾക്കാണ് ആദ്യ ഘട്ടത്തിൽ തറവില നിശ്ചയിച്ചത്. ഇവയിൽ ഏത്തക്കായ, വള്ളിപ്പയർ, കുമ്പളം, പടവലം, പാവയ്ക്ക, കൈതച്ചക്ക, വെണ്ട, വെള്ളരി, മരച്ചീനി തുടങ്ങിയവ ജില്ലയിലെ കർഷകർ വൻ തോതിൽ കൃഷി ചെയ്യുന്ന ഉത്പ്പന്നങ്ങളാണ്. പലപ്പോഴും ഭീകരമായ വിലയിടിവ് കർഷകരെ വലച്ചിരുന്നു. ഉത്പാദന ചെലവും 20 ശതമാനം അധിക തുകയുമാണ് തറവിലയായി കർഷകന് ലഭിക്കുക. പച്ചക്കറികൾക്ക് തറവിലയേക്കാൾ കുറഞ്ഞ വില വിപണിയിൽ ഉണ്ടായാലും തറവില അനുസരിച്ചുള്ള തുക കർഷകന്റെ അക്കൗണ്ടിലെത്തും.
ഉൽപന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി ഗ്രേഡ് നിശ്ചയിക്കാനും പിന്നീട് തറവില പുതുക്കി നിശ്ചയിക്കാനും വ്യവസ്ഥകളുണ്ടാകും.
 സംഭരണം ഇങ്ങനെ
1. സംഭരണ - വിതരണ ഏകോപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്
2. പ്രാഥമിക കാർഷിക സൊസൈറ്റികൾ, ഹോർട്ടികോർപ്പ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രെമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ.) എന്നിവ വഴി പച്ചക്കറി സംഭരണം
3. ഇത് സംബന്ധിച്ച അന്തിമ രൂപ രേഖ വൈകാതെ ജില്ലയിലെ കൃഷി വകുപ്പിന് ലഭിക്കും
4. നിലവിൽ വി.എഫ്.പി.സി.കെയാണ് സംഭരണത്തിൽ കൂടുതൽ ഇടപെടുന്നത്
5. കൃഷി വകുപ്പ് നേരിട്ട് നടത്തുന്ന എക്കോ ഷോപ്പ്, എ ഗ്രേഡ് ക്ലസ്റ്റർ വഴിയും സംഭരിക്കും 6. ഇതിന് നവംബർ ഒന്ന് മുതൽ കൃഷി ഭവനുകളിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം
 തറവില
നേന്ത്രപ്പഴം/ വയനാടൻ നേന്ത്രപ്പഴം: 30/ 24
ഉരുളക്കിഴങ്ങ് : 20
ക്യാരറ്റ് : 21
മരച്ചീനി : 12
വെണ്ട : 20
കുമ്പളങ്ങ : 9
പാവയ്ക്ക: 30
തക്കാളി : 8
കൈതച്ചക്ക : 15
വെളുത്തുള്ളി : 139
പടവലം : 30
വെള്ളരി : 8
കാബേജ് : 11
ബീറ്റ്റൂട്ട് : 21
ബീൻസ് : 28
വള്ളിപ്പയർ : 34
''
തറവില നിശ്ചയിച്ചതോടെ കർഷകരുടെ ഉത്പന്നങ്ങൾക്ക് നല്ല വില ലഭിക്കും. കൃഷിയിലേക്ക് കൂടുതൽ ആളുകളെത്തും.
വി.ജയ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, കൊല്ലം