കേന്ദ്ര ഷിപ്പിംഗ് മന്ത്രിക്ക് സമർപ്പിച്ചു
കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ തീരദേശ വികസനത്തിന്റെ സമഗ്ര പദ്ധതി നിർദ്ദേശം എൻ.കെ. പ്രേമചന്ദ്രൻ എം.പി, കേന്ദ്ര ഷിപ്പിംഗ് മന്ത്രി മൻസുഖ്.എൽ. മണ്ഡാവിയയ്‌ക്ക് സമർപ്പിച്ചു. തീരദേശത്തിന്റെയും മത്സ്യമേഖലയുടെയും വികസനത്തിനായി മന്ത്രി വിളിച്ചു ചേർത്ത യോഗ തീരുമാനപ്രകാരമാണ് പദ്ധതി നിർദേശം സമർപ്പിച്ചത്.
സാഗർടാറ്റ് സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനാണ് നിർദേശങ്ങൾ സമർപ്പിച്ചത്. വിവിധ മന്ത്രാലയങ്ങളുടെ പരിധിയിൽ വരുന്ന പദ്ധതി നിർദേശങ്ങൾ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ചർച്ച ചെയ്‌ത് പ്രാവർത്തികമാക്കാൻ പരിശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും എം.പി പറഞ്ഞു.
പ്രധാന നിർദേശങ്ങൾ
1. കടലാക്രമണം രൂക്ഷമായ താന്നി, ഇരവിപുരം മേഖലയിലെ കടൽ സംരക്ഷണ ഭിത്തി അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കണം
2. പുതുതായി രൂപകല്പന ചെയ്‌തിട്ടുള്ള കപ്പൽ ചാനലിൽ നിന്ന് കൊല്ലം പരപ്പ് സംരക്ഷിക്കണം
3.നീണ്ടകര, ശക്തികുളങ്ങര, കൊല്ലം ഹാർബറുകൾ ആധുനികവത്കരിക്കണം
4. കൊല്ലം പോർട്ട് വ്യവസായിക വികസനത്തിനുൾപ്പെടെ പരമാവധി ഉപയോഗപ്രദമാക്കുക, ഇമിഗ്രേഷനും കപ്പലുകൾക്ക് നങ്കൂരമിടാനും നാവികരുടെ മാറ്റത്തിനും സൗകര്യപ്രദമായ വിധം പോർട്ട് നവീകരിക്കുക
5. തങ്കശേരി കോട്ട, ലൈറ്റ് ഹൗസ് എന്നിവ ഉൾപ്പെടുത്തി ടൂറിസം ഹെറിറ്റേജായി വികസിപ്പിക്കുക
6. കൊല്ലത്ത് നിന്ന് ലക്ഷദ്വീപിലേയ്ക്ക് കപ്പൽ ഗതാഗതം ആരംഭിക്കുക
7. വാട്ടർ ഗെയിംസിന് പര്യാപ്തമാക്കും വിധം അഷ്ടമുടി കായലിൽ വികസനം സാദ്ധ്യമാക്കുക
8. പരവൂർ പൊഴിക്കരയിൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുക. പരവൂർ ഷിപ്പ്‌ലാൻഡിംഗ് സെന്റർ സ്ഥാപിക്കുക
9. അഷ്ടമുടി കായലിലെ ദ്വീപുകളെ ബന്ധിപ്പിച്ച് ഇക്കോടൂറിസം പദ്ധതി നടപ്പാക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കണം
10. അന്തർദേശീയ നിലവാരത്തിലുള്ള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് കൊല്ലത്ത് സ്ഥാപിക്കണം
11. തീരദേശ കരകൗശല വില്ലേജ് സ്ഥാപിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കണം
''
സാഗർടാറ്റ് സമൃദ്ധി പദ്ധതി സംബന്ധിച്ച് നടന്ന മന്ത്രിതല ചർച്ചയെ തുടർന്നാണ് നിർദ്ദേശങ്ങൾ സമർപ്പിച്ചത്.
എൻ.കെ. പ്രേമചന്ദ്രൻ എം.പി