
 റെയിൽവേ ബോർഡ് അധികൃതർ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെയാണ് ഇക്കാര്യം അറിയിച്ചത്
കൊല്ലം: വേണാട് എക്‌സ്‌പ്രസിന്റെ മയ്യനാട്ടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കാൻ വ്യക്തമായ നിർദ്ദേശം നൽകിയതായി റെയിൽവേ ബോർഡ് അധികൃതർ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു. ട്രാഫിക്കിന്റെ ചുമതലയുള്ള റെയിൽവേ ബോർഡ് അംഗം പി.എസ്. മിശ്ര, എക്‌സിക്യൂട്ടീവ് ഡയറക്ടർ നരേന്ദ്ര പട്ടേൽ എന്നിവരുമായി ഡൽഹിയിലെ റെയിൽ ഭവനിൽ നടന്ന ചർച്ചയിലാണ് എം.പിയെ ഇക്കാര്യം അറിയിച്ചത്. ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കാണ് നിർദ്ദേശം നൽകിയത്.
കൊല്ലത്ത് നിന്ന് പുനലൂർ ചെങ്കോട്ട വഴി സർവീസ് നടത്തിയിരുന്ന കൊല്ലം - താംബരം, പുനലൂർ - ഗുരുവായൂർ, പുനലൂർ - മധുര എന്നീ മൂന്ന് പാസഞ്ചറുകൾ എക്‌സ്പ്രസ് ആക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. നൂറുകണക്കിന് കോടി രൂപ ചെലവഴിച്ച് കൊല്ലം - പുനലൂർ ചെങ്കോട്ട ഗേജ് മാറ്റം പുർത്തീകരിച്ചതിന്റെ ഫലം ജനങ്ങൾക്ക് ലഭിക്കാതെ പോകുന്നത് നീതികരിക്കാനാവില്ല. തീരുമാനം നടപ്പായാൽ കിഴക്കൻ മേഖലയിലെ യാത്രാക്ലേശം രൂക്ഷമാകും. തെന്മല, ഇടമൺ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.പി മുന്നോട്ട് വച്ച ആവശ്യങ്ങൾ വിശദമായ പഠനത്തിന് വിധേയമാക്കി പരിശോധിക്കാമെന്ന് റെയിൽവേ ബോർഡ് അധികൃതർ യോഗത്തിൽ പറഞ്ഞു.