 
പുത്തൂർ:നിർദ്ധന പട്ടികജാതി കുടുംബം കുളക്കട പഞ്ചായത്തിന്റെ ധനസഹായത്തോടെ വാങ്ങിയ ഓട്ടോറിക്ഷ കത്തിനശിച്ചു . കുറ്ററ ഇരുവേലിക്കൽ നിമിഷ ഭവനിൽ പി.നിമിഷയുടെ പേരിലുള്ള ഓട്ടോറിക്ഷ ആണ് കത്തി നശിച്ചത് . കഴിഞ്ഞ ദിവസം പുലർച്ചെ നാലോടെ ആയിരുന്നു സംഭവം . വീട്ടുകാർ ശബ്ദം കേട്ട് ഉണർന്ന് നോക്കിയപ്പോൾ വീട്ടുമുറ്റത്ത് കിടന്ന ഓട്ടോ കത്തുന്നതാണ് കണ്ടത് . വെളളം ഒഴിച്ച് തീയണച്ചു എങ്കിലും മുകൾ ഭാഗം മുഴുവൻ കത്തിപ്പോയി . വീട്ടിലെക്കുള്ള വൈദ്യുതിയുടെ സർവീസ് വയറും മീറ്ററും കത്തിനശിച്ചു . തീപിടിച്ചത് എങ്ങനെ എന്നു വ്യക്തമായിട്ടില്ല . പട്ടികജാതി ഘടകം പദ്ധതി പ്രകാരം പഞ്ചായത്ത് അനുവദിച്ച 70, 000 രൂപയും ബാക്കി തുക വായ്പ എടുത്തുമാണ് ഒരു വർഷം മുൻപ് നിമിഷ ഓട്ടോറിക്ഷ വാങ്ങിയത് . വായ് ഇനിയും അടച്ചു തീർന്നിട്ടില്ല . കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു ഓട്ടോറിക്ഷ . പുത്തൂർ പൊലീസ് കേസെടുത്തു .