
അഴിമതിക്കേസ് തുറുപ്പുചീട്ടാകും
കൊല്ലം: ഇടത് മുന്നണിയെയും കോൺഗ്രസിനെയും തുറന്നുകാട്ടി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കശുഅണ്ടി തൊഴിലാളികളുടെ വോട്ട് നേടിയെടുക്കാൻ കച്ചമുറുക്കി ബി.ജെ.പി. കശുഅണ്ടി അഴിമതിക്കേസിൽ പ്രതി ചേർക്കപ്പെട്ടവരെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐയ്ക്ക് അനുമതി നിഷേധിച്ച സർക്കാർ നടപടി തൊഴിലാളികളെ അറിയിച്ച് കശുഅണ്ടി മേഖലയിൽ വ്യക്തമായ സ്വാധീനമുറപ്പിക്കുകയാണ് ലക്ഷ്യം.
ഇടതുമുന്നണി കശുഅണ്ടി തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും ഇതിന് കൂട്ടുനിൽക്കുന്ന സി.പി.എമ്മിനെയും കോൺഗ്രസിനെയും ഒറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നിരന്തര സമര പരിപാടികൾക്ക് തയ്യാറെടുക്കുകയാണ് ബി.ജെ.പി. കാഷ്യൂ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ കൊല്ലത്തെ ആസ്ഥാന ഓഫീസ് പടിക്കൽ ഇന്ന് ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാറിന്റെ നേതൃത്വത്തിൽ സമരപരിപാടികൾക്ക് തുടക്കമാകും.
അഴിമതി നടത്തിയവർക്കും സംരക്ഷണം നൽകുന്നവർക്കും എന്തിന് വോട്ട് കൊടുക്കണമെന്ന ചോദ്യമാണ് പ്രധാനമായും ഉന്നയിക്കുക. തൊഴിലാളികൾക്ക് വേണ്ടി ഒരക്ഷരം ഉരിയാടാത്ത സി.പി.ഐയെയും പരസ്യമായി വിമർശിക്കും. വിഷയത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങളായ സി.ഐ.ടിയുവിന്റെയും എ.ഐ.ടി.യു.സിയുടെയും മൗനവും വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിഅമ്മയുടെ നിലപാട് മാറ്റവും ഉൾപ്പെടെ ചൂണ്ടിക്കാട്ടും.
യുവമോർച്ചയെയും മഹിളാമോർച്ചയെയും ഇതിനായി ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. കശുഅണ്ടി ഫാക്ടറികളിൽ മഹിളാമോർച്ച ഭാരവാഹികൾ സ്ത്രീ തൊഴിലാളികളോട് നേരിട്ട് കാര്യങ്ങൾ വിശദീകരിക്കുന്ന വിധത്തിലാകും സമരം ചിട്ടപ്പെടുത്തുക.
രണ്ട് നിയമസഭാ സീറ്റുകളും ലക്ഷ്യം
സി.ബി.ഐയുടെ കേസിലെ പ്രതികളെ സി.പി.എമ്മും കോൺഗ്രസും സംരക്ഷിക്കുന്നതായി വ്യാപക പ്രചാരണം സംഘടിപ്പിക്കുന്നതിലൂടെ രണ്ട് നിയമസഭാ സീറ്റുകൾ കൂടി ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. കശുഅണ്ടി തൊഴിലാളികളുടെ വോട്ടുകൾ നിർണായകമാകുന്ന ചാത്തന്നൂർ, കുണ്ടറ മണ്ഡലങ്ങളിലാണ് മുഖ്യമായും കണ്ണുവച്ചിട്ടുള്ളത്.
ഓരോ തൊഴിലാളികളുടെയും അതുവഴി അവരുടെ കുടുംബാംഗങ്ങളുടെയും വോട്ട് നേടിയെടുക്കാവുന്ന വിധം സ്ഥിതി മാറ്റിയെടുക്കണമെന്നാണ് ഉന്നത നേതാക്കൾ നൽകിയ നിർദ്ദേശമെന്നറിയുന്നു. കേസുമായി ബന്ധപ്പെട്ട് സി.പി.എമ്മോ, സി.പി.ഐയോ, കോൺഗ്രസോ എന്ത് ന്യായീകരണം നിരത്തിയാലും അത് തൊഴിലാളികൾ സ്വീകരിക്കില്ലെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. ഓരോ ഫാക്ടറികളിലും പ്രചാരണത്തിന് സ്ത്രീകളുടെ പ്രത്യേക ഗ്രൂപ്പുകളെ ചുമതലപ്പെടുത്താനും ജില്ലാ നേതൃത്വം ആലോചിക്കുന്നുണ്ട്.