20 കുട്ടികൾ പഠിക്കുന്ന അങ്കണവാടി
കട്ടളകളും കതകുകളും ജനലുകളും ജീർണ്ണാവസ്ഥയിൽ
കെട്ടിടത്തിൽ ചോർച്ച
കരുനാഗപ്പള്ളി: മാനത്ത് മഴക്കാറ് കണ്ടാൽ കുട്ടികൾ അങ്കണവാടിയിലേയ്ക്ക് പോകില്ല. മഴ പെയ്താൽ വെള്ളക്കെട്ടായി മാറുന്ന അങ്കണവാടിയിൽ എങ്ങനെ ഇരുന്ന് പഠിക്കാനാണ്.കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ 26-ം നമ്പർ ഡിവിഷനിൽ പ്രവർത്തിക്കുന്ന 56-ം നമ്പർ അങ്കണവാടിയിലെ കുട്ടികൾക്കാണ് ഈ ദുരവസ്ഥ. വർഷങ്ങളായി ഈ അസൗകര്യങ്ങളുടെ നടുവിലാണ് കുട്ടികൾ പഠിക്കാനായി ഇവിടെ എത്തുന്നത്.
ചാറ്റൽ മഴ പെയ്താൽ മതി
ഇപ്പോൾ 20 കുട്ടികളാണ് ഇവിടെ പഠിക്കുന്നത് കൂടാതെ 38 മുലപ്പാൽ കുടിക്കുന്ന കുട്ടികളേയും മൂന്ന് മാസവും 6 മാസവും പ്രായമുള്ള 37 കുട്ടികളേയും അമ്മമാർ അങ്കണവാടിയിൽ പരിശോധനക്കായി കൊണ്ട് വരാറുണ്ട്. 18 ഗർഭിണികൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനക്ക് അങ്കണവാടിയിലെത്താറുണ്ട്. പ്രധാന റോഡിൽ നിന്നും അങ്കണവാടിയിലേക്ക് എത്താൻ ഒരു മീറ്റർ വീതിയിൽ വഴിയുണ്ട്. ഇതാണ് ചാറ്റൽ മഴയത്ത് പോലും വെള്ളക്കെട്ടായി മാറുന്നത്. വെള്ളക്കെട്ടിലൂടെയുള്ള പോക്കു വരവാണ് കുഞ്ഞുങ്ങളേയും അമ്മമാരേയും വലയ്ക്കുന്നത്. ഇപ്പോൾ അയൽവാസികളുടെ പുരയിടത്തിൽ കൂടി നടന്നാണ് ഇവർ അങ്കണവാടിയിൽ എത്തുന്നത്.
ഫണ്ട് അനുവദിക്കാനാകില്ല
നിലവിലുള്ള വഴി നഗരസഭയുടെ ആസ്തി രേഖയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇക്കാരണത്താൽ ജനപ്രതിനിധികൾക്ക് റോഡിന്റെ നവീകരണത്തിന് ഫണ്ട് അനുവദിക്കാനും സാധിക്കില്ല. അങ്കണവാടി കെട്ടിടത്തിന്റെ കട്ടളകളും കതകുകളും ജനലുകളും ജീർണ്ണാവസ്ഥയിലാണ്. കെട്ടിടത്തിന്റെ പിന്നിലെ കതകുകളും ജനൽപ്പാളികളും തുറന്നിട്ട് വർഷങ്ങളായി. തുറന്നാൽ പിന്നെ അടയ്ക്കാൻ കഴിയുകയില്ല. കെട്ടിടത്തിന്റ പലയിടങ്ങളിലും ചോർച്ചയും ഉണ്ട്. ഒന്നര പതിറ്റാണ്ടിന് മുമ്പ് കോഴിക്കോട് കുരുപ്പളയിൽ ചിന്നമ്മ വർഗീസ് സൗജന്യമായി നൽകിയ 3 സെന്റ് വസ്തുവിലാണ് ജില്ലാ പഞ്ചായത്ത് കെട്ടിടം നിർമ്മിച്ചത്. 1.25 ലക്ഷം രൂപായായിരുന്ന കെട്ടിടത്തിന്റെ നിർമ്മാണത്തിന് വേണ്ടി വന്നത്.
വഴി ഗ്രാവൽ ഇട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്താൽ നിലവിലുള്ള വഴി പ്രശ്നത്തിന് പരിഹാരമാകും. പൗരസമിതി പ്രസിഡന്റ് തൻസീൽ
സെക്രട്ടറി അരുൺ