kacgha

കൊല്ലം: എന്നത്തേയും പോലെ ഇത്തവണയും എൻ.സി.പി ജില്ലാ നേതൃത്വം തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുകൾ ആവശ്യപ്പെട്ട് ഇടതുമുന്നണിക്കും സി.പി.എമ്മിനും കത്ത് നൽകി. നിലവിൽ എൻ.സി.പിക്ക് ഒരു പഞ്ചായത്തംഗം പോലുമില്ല. കഴിഞ്ഞ തവണ കോർപ്പറേഷനിൽ നിൽകിയ സീറ്റിൽ വിജയ സാദ്ധ്യതയില്ലാത്തതിനാൽ മത്സരിച്ചില്ല. ഇക്കുറി രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ ചോദിച്ചിട്ടുണ്ട്. ചടയമംഗലവും കുണ്ടറയും.

ഏതെങ്കിലും ഒന്നെങ്കിലും കിട്ടിയേ തീരൂ എന്ന വാശിയിലാണ് പാർട്ടി. 1978 മുതൽ ഇടത് മുന്നണിയിൽ ഉറച്ചുനിൽക്കുന്ന എൻ.സി.പിയെ ഇക്കുറി അങ്ങനെയങ്ങ് തഴയാൻ ഇടയാവരുതെന്നാണ് സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയോട് എൻ.സി.പി ആവശ്യപ്പെട്ടിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിപ്പിക്കുന്ന സ്ഥാനാർത്ഥികളുടെ വിവരങ്ങളും സി.പിഎമ്മിനെ അറിയിച്ചിട്ടുണ്ട്.
മൊത്തം 36 പഞ്ചായത്ത് വാർഡുകളും എട്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും രണ്ട് ജില്ലാ പഞ്ചായത്തും രണ്ട് കോർപ്പറേഷൻ വാർഡുമാണ് ചോദിച്ചിട്ടുള്ളത്. സി.പി.എമ്മിന്റേതല്ലാത്ത രണ്ട് വാർഡുകളാണ് കോർപ്പറേഷനിൽ ചോദിച്ചിട്ടുള്ളത്, തങ്കശേരിയും തേവള്ളിയും. തേവള്ളി സീറ്റ് എൻ.സി.പിക്ക് കൊടുത്താൽ അവിടെ മത്സരിക്കുന്നത് എൻ.സി.പി നേതാവ് പ്രദീപ് കുമാറാണെന്നും സൂചന നൽകിയിട്ടുണ്ട്.
അപേക്ഷ കൊടുത്തെങ്കിലും എത്ര സീറ്റ് ലഭിക്കുമെന്ന് കണ്ടറിയണം. ജില്ലാ പഞ്ചായത്തിൽ സീറ്റ് നൽകാനുള്ള സാദ്ധ്യത കുറവാണ്. പഞ്ചായത്തുകളിലും ബ്ലോക്കിലും കോർപ്പറേഷനിലും ഓരോ സീറ്റ് വീതം ലഭിക്കാനിടയുണ്ടെന്നാണ് സൂചന. എല്ലാ പ്രാവശ്യവും എൻ.സി.പി സീറ്റ് ആവശ്യപ്പെടാറുണ്ട്, പലപ്പോഴും ലഭിക്കാറില്ല. തുടർന്ന് സ്വന്തമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മത്സരിക്കാൻ തീരുമാനിക്കും. അവസാനം സംസ്ഥാന തല നേതാവിന്റെ പ്രഖ്യാപനമാണ് വരാറുള്ളത്, വേദനയോടെ ഞങ്ങൾ ഇടതുമുന്നണിയ്ക്കുവേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്ന്....