library
കൊല്ലം പബ്ലിക് ലൈബ്രറി

സർക്കാർ അനുമതി നൽകിയിട്ടും പബ്ലിക് ലൈബ്രറി തുറക്കുന്നില്ല

കൊല്ലം: ലൈബ്രറികൾക്ക് കൊവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടും സംസ്ഥാനത്തെ ഏറ്റവും വലിയ ഗ്രന്ഥശാലകളിലൊന്നായ കൊല്ലം പബ്ലിക് ലൈബ്രറി തുറക്കുന്നില്ല. ലൈബ്രറിയുടെ ഭരണസമിതി ചെയർമാനായ കളക്ടറുടെ അനുമതി ഇല്ലാത്തതിനാലാണ് ലൈബ്രറി തുറക്കാത്തതെന്ന് മറ്റ് ഭാരവാഹികൾ പറയുന്നു. ലൈബ്രറിയിലെ അമൂല്യങ്ങളായ ആയിരക്കണക്കിന് പുസ്തകങ്ങൾ ഇതിനകം തന്നെ ചിതലെടുത്ത് തുടങ്ങിയിരിക്കാമെന്നാണ് വായനക്കാർ പറയുന്നത്. ലൈബ്രറി വളപ്പിലുള്ള സോപാനം ഓഡിറ്റോറിയം, സാവിത്രി ഹാൾ, സരസ്വതി ഹാൾ എന്നിവിടങ്ങളിൽ ചടങ്ങുകൾ നടക്കാത്തതിനാൽ നിലവിൽ വരുമാനമൊന്നും ലഭിക്കുന്നില്ല. ലോക്ക് ഡൗണിന് ശേഷം ഏപ്രിൽ മാസത്തെ പകുതി ശമ്പളം മാത്രമാണ് ജീവനക്കാർക്ക് ലഭിച്ചത്.

കറണ്ട് ചാർജ് അടയ്ക്കാൻ നിവൃത്തിയില്ല

ലൈബ്രറി, സോപാനം ഓഡിറ്റോറിയം, സരസ്വതി, സാവിത്രി ഹാൾ എന്നിവിടങ്ങളിലെ 115000 രൂപയുടെ വൈദ്യുതി ബില്ല് കഴിഞ്ഞ ദിവസമാണ് എത്തിയത്. ഇതടയ്ക്കാനുള്ള നിവൃത്തി പോലും ഇപ്പോഴില്ല. കൊല്ലം പബ്ലിക് ലൈബ്രറി വളപ്പിലുള്ള സോപാനം ഓഡിറ്റോറിയം, സാവിത്രി ഹാൾ, സരസ്വതി ഹാൾ എന്നിവിടങ്ങളിൽ നിന്നുള്ള വരുമാനം കൊണ്ടാണ് കൊല്ലം പബ്ലിക് ലൈബ്രറിയിലെ ജീവനക്കാർക്ക് ശമ്പളം നൽകിയിരുന്നത്. മറ്റ് ചെറിയ ചെലവുകൾക്കും ഈ തുക ഉപയോഗിച്ചിരുന്നു.

അടച്ചത് മാർച്ച് 16ന്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ച മാർച്ച് 16നാണ് കൊല്ലം പബ്ലിക് ലൈബ്രറിയും അടച്ചുപൂട്ടിയത്. അതിന് ശേഷം ഇതുവരെ അരും അകത്തേക്ക് കടന്നിട്ടില്ല. നന്നായി പരിപാലിക്കാത്തതിനാൽ പഴക്കമുള്ള പുസ്തകങ്ങൾ പലതും നേരത്തേ തന്നെ ദയനീയാവസ്ഥയിലാണ്. ഒരുമാസം മുൻപ് സുരക്ഷാ ജീവനക്കാർ പുസ്തകങ്ങൾ പൊടിതട്ടി വൃത്തിയാക്കിയെന്നാണ് ഭരണസമിതി അംഗങ്ങൾ പറയുന്നത്. തുറന്ന് പ്രവർത്തിക്കുമ്പോൾ പോലും പുറത്തെടുക്കാത്ത പുസ്തകങ്ങൾ ചിതലരിക്കുന്നത് പതിവായിരുന്നു. ഇനിയും തുറക്കാൻ വൈകിയാൽ വിലമതിക്കാനാകാത്ത നഷ്ടമായിരിക്കും ലൈബ്രറിക്ക് സംഭവിക്കുക.

തീരുമാനം നീളുന്നു

ഒരുമാസം മുൻപുള്ള സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഒട്ടുമിക്ക ലൈബ്രറികളിലും പുസ്തക വിതരണം തുടങ്ങിയിരുന്നു. വായനക്കാരെ ഉള്ളിൽ പ്രവേശിപ്പിക്കാതെ പുസ്തക വിതരണം നടത്തണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് ജീവനക്കാർ കളക്ടറെ സമീപിച്ചെങ്കിലും തീരുമാനം നീളുകയാണ്.