
കൊല്ലം: മൂന്ന് വയസുകാരൻ മകനൊപ്പം അഷ്‌ടമുടിക്കായലിൽ ചാടി മരിച്ച യുവതിയുടെ ഭർത്താവും ജീവനൊടുക്കി. കുണ്ടറ ഇടവട്ടം ബിന്ദുഭവനിൽ ബിജുവാണ് (32) വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇന്നലെ പുലർച്ചെയാണ് ബിജു തൂങ്ങി നിൽക്കുന്നത് ബന്ധുക്കൾ കണ്ടത്.
ബിജുവിന്റെ ഭാര്യ രാഖി (22), മകൻ ആദി (3) എന്നിവരുടെ മൃതദേഹം തിങ്കളാഴ്ച അഷ്ടമുടിക്കായലിൽ നിന്ന് കണ്ടെത്തിയിരുന്നു. ഞായറാഴ്ച വൈകിട്ട് രാഖി മകനൊപ്പം വീട് വിട്ടിറങ്ങുകയായിരുന്നു. കായൽത്തീരത്ത് കുഞ്ഞിന്റെ ചെരുപ്പുകൾ കണ്ടതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ആദ്യം രാഖിയുടെയും പിന്നീട് മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് ശേഷം ബിജു സ്ഥലത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു. ദാമ്പത്യ പ്രശ്നങ്ങളും ബിജു സൃഷ്‌ടിച്ച മാനസിക പ്രയാസങ്ങളുമാണ് കുഞ്ഞിനെയും കൂട്ടി രാഖി ജീവനൊടുക്കാൻ കാരണമെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു ബിജു. നാല് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ബിജുവിന്റെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനാഫലം വന്ന ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം വിട്ടുനൽകും.