 
കൊല്ലം: കൊട്ടാരക്കര കച്ചേരിമുക്കിലെ പൊതു സ്ഥലത്തെ ചൊല്ലിയുള്ള തർക്കം തീർന്നില്ല. വാഹന പാർക്കിംഗിന് സ്ഥല പരിമിതി ഏറെ തടസമായിരിക്കെ കച്ചേരിമുക്കിലെ പൊതുസ്ഥലം കൊട്ടിയടച്ചു. പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനൊന്നും നടക്കില്ലെന്ന് ഉറപ്പായതിനാൽ വാഹന പാർക്കിംഗിനായി ഈ സ്ഥലം വിട്ടുനൽകണമെന്നാണ് പൊതു ആവശ്യം. സിവിൽ സ്റ്റേഷന്റെ നേരെ മുന്നിലുള്ള സ്ഥലമായതിനാൽ വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകളിലെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനെങ്കിലും ഈ സ്ഥലം ഉപകരിച്ചേനെ. നേരത്തെ പൊലീസ് ഇടപെട്ട് വാഹന പാർക്കിംഗ് നടത്താൻ സ്ഥലമൊരുക്കിയെങ്കിലും അന്നത്തെ തഹസീൽദാർ അനുവദിച്ചില്ല. താഴിട്ട് പൂട്ടിയതോടെ ഇവിടേക്ക് ആർക്കും പ്രവേശിക്കാനുമാകുന്നില്ല. പഴയ എക്സൈസ് ഓഫീസ് പ്രവർത്തിച്ചിരുന്ന അര ഏക്കറോളം സ്ഥലമാണ് ഇപ്പോൾ ആർക്കും ഉപകാരമില്ലാതെയായത്.
എക്സൈസ് കോംപ്ളക്സ് വരില്ല
എക്സൈസ് റെയ്ഞ്ച് ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലം എക്സൈസ് കോംപ്ളക്സ് നിർമ്മിക്കാനായിട്ടാണ് സർക്കാർ ആദ്യം തീരുമാനിച്ചത്. 2009-10 സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ എക്സൈസ് കോംപ്ളക്സിനായി 2.09 കോടി രൂപ അനുവദിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ 2010 ൽ പഴയകെട്ടിടം പൊളിച്ചുനീക്കുകയുമായിരുന്നു. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടത്തി. ഇതിനിടെയാണ് വസ്തുവിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കം ഉടലെടുത്തത്. വർഷങ്ങളായി എക്സൈസ് ഓഫീസ് പ്രവർത്തിച്ചിരുന്ന ഭൂമിയാണെങ്കിലും അത് കൊട്ടാരക്കര ഗണപതിക്ഷേത്രത്തിന്റെ വകയാണെന്ന് ഒരു വിഭാഗം വാദിച്ചു. കേരള ക്ഷേത്രസംരക്ഷണ സമിതിയും ഹിന്ദുസംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തു. നാല് വ്യക്തികളും ഇതിനെ അനുകൂലിച്ച് കക്ഷി ചേർന്നു. കേസിൽ സർക്കാറിന് അനുകൂലമായ വിധി വന്നെങ്കിലും പ്രതിഷേധം തുടർന്നു. ഇതോടെയാണ് കോംപ്ളക്സിന്റെ നിർമ്മാണം ഇവിടെ നിന്ന് മാറ്റാൻ ധാരണയായത്.
വാഹന പാർക്കിംഗിന് ഉചിതം
കൊട്ടാരക്കര കച്ചേരിമുക്കിൽ സിവിൽ സ്റ്റേഷനിലായി അൻപതിൽപരം സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ പൊലീസ് സ്റ്റേഷനും വിദ്യാഭ്യാസ വകുപ്പ് ഓഫീസും തപാൽ ഹെഡ് ഓഫീസും ഡിവൈ.എസ്.പി ഓഫീസുമടക്കം മറ്റ് ഓഫീസുകളുമുണ്ട്. എസ്.എൻ.ഡി.പി കൊട്ടാരക്കര താലൂക്ക് യൂണിയൻ ഓഫീസ് അടക്കമുള്ള മറ്റ് സ്വകാര്യ സംവിധാനങ്ങളും വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളുമൊക്കെ വേറെയുമുണ്ട്. പ്രസിദ്ധമായ ഗണപതി ക്ഷേത്രവും ഇവിടെയാണ്. എല്ലായിടത്തുമായി നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇവിടെ വന്നുപോകുന്നത്. ഇവയൊക്കെ റോഡരികിലാണ് മിക്കപ്പോഴും പാർക്ക് ചെയ്യുന്നത്. അനധികൃത പാർക്കിംഗിന് പൊലീസിന്റെ പിഴയിടീൽ പതിവുമാണ്. എന്നാൽ മതിയായ പാർക്കിംഗ് സൗകര്യം ഒരുക്കാൻ അധികൃതർ തയ്യാറല്ല. റവന്യൂ വകുപ്പിന്റെ ഭൂമിയാണെന്നാണ് ഒടുവിലെ അവകാശവാദം. അതുകൊണ്ടുതന്നെ തഹസീൽദാർ ഇടപെട്ട് വാഹന പാർക്കിംഗിനായി സ്ഥലം തുറന്നുകൊടുക്കണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം. പൊലീസ് രേഖാമൂലം നേരത്തെതന്നെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുമുണ്ട്.