പുനലൂർ: തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ ചരക്ക് ഇറക്കിയ ശേഷം മടങ്ങി പോയ ലോറി ഡ്രൈവറുടെ മൊബൈൽ ഫോണും കാർ സ്റ്റീരിയോയും തട്ടിയെടുത്ത സംഭവത്തിൽ വിനോദ സഞ്ചാരികളായ നാല് യുവാക്കളെ പുനലൂർ പൊലീസ് അറസ്റ്റു ചെയ്തു. കരുനാഗപ്പള്ളി സ്വദേശികളായ മുഹമ്മദ് സജിനിൽ (23), അമൽ രാജ് (21), അമൽ സുരേഷ് (23), വൈശാഖ് (23) എന്നിവരെയാണ് പുനലൂർ എസ്.ഐ.മിഥുന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച ചെമ്മന്തൂർ പെട്രോൾ പമ്പിന് സമീപത്ത് വച്ചായിരുന്നു സംഭവം. തെന്മല ഇക്കോ ടൂറിസം മേഖല സന്ദർശിച്ച ശേഷം തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറും ലോറിയും തമ്മിൽ ചെമ്മന്തൂരിൽ വച്ചു കൂട്ടിയിടിച്ചു.ഇത് സംബന്ധിച്ചു ലോറി ഡ്രൈവറുമായി തർക്കം നടക്കുന്നതിനിടെ മൊബൈൽ ഫോണും, കാർ സ്റ്റീരിയോയും യുവാക്കൾ കൈക്കലാക്കുകയായിരുന്നു. ലോറി ഡ്രൈറുടെ പരാതിയെ തുടർന്ന് ഇന്നലെ കരുനാഗപ്പള്ളിയിലെത്തിയ പൊലീസ് നാല് യുവാക്കളെയും അറസ്റ്റു ചെയ്തു. സ്റ്റേഷനിൽ എത്തിച്ച പ്രതികളെ തെളിവ് എടുത്ത ശേഷം കോടതിയിൽ ഹാജരാക്കിയതായി എസ്.ഐ അറിയിച്ചു.