 
 ഉദ്ഘാടനം നവംബർ 2ന്
കൊല്ലം: വൃക്കരോഗികൾക്ക് തുണയായി ജില്ലാ ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ് ഉടൻ പ്രവർത്തന സജ്ജമാകും. നൂറ് രോഗികൾക്ക് ഒരു ദിവസം ഡയാലിസിസ് നടത്താവുന്ന യൂണിറ്റ് നവംബർ 2ന് ഉദ്ഘാടനം ചെയ്യും.
ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് പിന്നിൽ തീരദേശ വികസന അതോറിട്ടി നിർമ്മിച്ച് നൽകിയ ബഹുനില കെട്ടിടത്തിന്റെ നാലാം നിലയിലാണ് 30 കിടക്കകളോട് കൂടിയ ഡയാലിസിസ് യൂണിറ്റ്. ഫിഷറീസ് വകുപ്പിൽ നിന്ന് ലഭിച്ച നാലുകോടിയും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ 54 ലക്ഷവും ചെലവഴിച്ചാണ് ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
നിലവിൽ ഇരുപത് കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റായിരുന്നു ജില്ലാ ആശുപത്രിയിലുണ്ടായിരുന്നത്. രാവിലെ 6.30 മുതൽ രാത്രി 8 വരെ നാല് മണിക്കൂർ വീതം മൂന്ന് ഷിഫ്ടുകളിലായി അറുപത് പേരെ ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമാണ് ഉണ്ടായിരുന്നത്. തണലെന്ന സന്നദ്ധ സംഘടന ആറും കൊല്ലം റോട്ടറി ക്ളബ് നാലും ഡയാലിസിസ് മെഷീനുകൾ ജില്ലാ ആശുപത്രിയിലേക്ക് സംഭാവന ചെയ്തതോടെയാണ് മുപ്പതുപേരെ ഒരേ സമയം ഡയാലിസിസ് നടത്താനുള്ള സൗകര്യത്തിലേക്ക് ആശുപത്രി വളർന്നത്.
 സേവനം സൗജന്യം
മുൻഗണനാ, മുൻഗണനേതര വിഭാഗങ്ങളിൽപ്പെട്ടവർക്ക് സേവനം സൗജന്യമാണ്. മുൻഗണനേതര വിഭാഗങ്ങളിൽപ്പെട്ടവരിൽ നിന്ന് മുൻപ് അഞ്ഞൂറ് രൂപ ഫീസായി ഈടാക്കിയിരുന്നെങ്കിലും ജില്ലാ പഞ്ചായത്തിന്റെ ജീവനം കിഡ്നി വെൽഫയർ ഫൗണ്ടേഷന്റെ സഹകരണമുണ്ടായതോടെയാണ് പദ്ധതി സൗജന്യമായത്.
ഡയാലിസിസിനാവശ്യമായ ഉപകരണങ്ങളും മരുന്നും വാങ്ങാൻ 550 രൂപ വീതം ജീവനം പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത് ആശുപത്രിക്ക് നൽകുന്നുണ്ട്. മെഡിക്കൽ കോളേജിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർ സൗമ്യയുടെയും പത്ത് ഡയാലിസിസ് ടെക്നീഷ്യൻമാരുടെയും സഹായത്തോടെയാണ് യൂണിറ്റിന്റെ പ്രവർത്തനം. പ്രതിദിനം 120 രോഗികൾക്ക് ഡയാസിലിസിസിന് സൗകര്യമൊരുങ്ങും.
 സാംക്രമിക രോഗമുള്ളവർക്ക് പ്രത്യേക യൂണിറ്റ്
എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് - ബി തുടങ്ങി രക്തത്തിൽ കൂടി പകരാൻ സാദ്ധ്യതയുള്ള മാരക രോഗങ്ങളുള്ള കിഡ്നി രോഗികൾക്ക് മാത്രമായി രണ്ട് യൂണിറ്റുകൾ പുതിയ ബ്ലോക്കിൽ പ്രത്യേകം സജ്ജമാക്കും. മ്യൂസിക് സിസ്റ്റവും സെൻട്രലൈസ്ഡ് എ.സി സംവിധാനമുൾപ്പെടെയുള്ള സൗകര്യങ്ങളും പുതിയ ഡയാലിസിസ് യൂണിറ്റിൽ സജ്ജമാണ്. രോഗികളെ മുകൾ നിലയിൽ പ്രവേശിപ്പിക്കാൻ ലിഫ്ടിന്റെ സേവനവുമുണ്ട്.