തഴവ: കക്കൂസ് മാലിന്യം സംസ്കരിക്കുന്നതിന് പൊതുസംവിധാനം വേണമെന്ന ആവശ്യം ശക്തമായി.
കുലശേഖരപുരം, തഴവ പഞ്ചായത്തുകളിലെ പൊതുസ്ഥലങ്ങൾ, ജനവാസ കേന്ദ്രങ്ങൾ, ജല സ്രോതസുകൾ എന്നിവടങ്ങളിൽ തുടർച്ചയായി കക്കൂസ് മാലിന്യം തള്ളുന്നത് ഇപ്പോൾ വലിയ സാമൂഹ്യ ഭീഷണിയായിരിക്കുകയാണ്. പാവുമ്പ പുത്തൻകുളം, ചുരുളിപ്പാടം, തഴവയൽ തോട്, പള്ളിക്കലാർ , കുതിരപ്പന്തി പുത്തൻകുളം, കുലശേഖരപുരം കടത്തൂർ പോണാൽ കുളം, വള്ളിക്കാവ് ടി.എസ് കനാൽ തുടങ്ങി നിരവധി ജല സ്രോതസുകൾ കക്കൂസ് മാലിന്യം തള്ളി ഉപയോഗശൂന്യമായ അവസ്ഥയിലാണ്. എന്നാൽ കക്കൂസ് മാലിന്യത്തെ ഒരു പൊതു പ്രശ്നമായി പരിഗണിക്കുവാനോ ,ഇത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സംവിധാനങ്ങൾ ഒരുക്കുന്നതിനോ അധികൃതർ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
പൊതുസ്ഥലങ്ങളിൽ തള്ളുന്നത് പതിവ്
തഴവ ,കുലശേഖരപുരം പഞ്ചായത്തുകളിലെ വികസിത മേഖലകളിൽ ഭൂരിഭാഗം കുടുംബങ്ങൾക്കും പത്ത് സെന്റിൽ താഴെ മാത്രം പുരയിടമാണ് സ്വന്തമായുള്ളത്. ഇത് മൂലം ഇവർക്ക് മാലിന്യം വീട്ടുവളപ്പിൽ സംസ്കരിക്കുവാൻ കഴിയാത്ത അവസ്ഥയാണ്. ഇവരിൽ നിന്നും വൻ തുക ഈടാക്കി ടാങ്കറുകളിൽ സംഭരിക്കുന്ന മാലിന്യം രാത്രികാലങ്ങളിൽ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ച് കടന്നു കളയുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്.
കക്കൂസ് മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭൂരിഭാഗം പരാതികളിലും പ്രതികളെ പിടികൂടാറുണ്ടെങ്കിലും അമിത ലാഭം മോഹിച്ച് കൂടുതൽ പേർ ഈ മേഖലയിൽ സജീവമാകുകയാണ്. കക്കൂസ് മാലിന്യപ്രശ്നത്തിന് ശാസ്ത്രീയ പരിഹാരം ഉണ്ടായേ പറ്റു.
എസ് .മഞ്ജുജുലാൽ
എസ്.എച്ച്.ഒ
കരുനാഗപ്പള്ളി
കക്കൂസ് മാലിന്യം സംസ്കരിക്കുന്നതിന് പദ്ധതി വേണമെന്നത് അടിയന്തര ആവശ്യമാണ്. ഇതിന് ശാസ്ത്രീയ സംവിധാനവും അനുയോജ്യമായ സ്ഥലവും സമ്പൂർണ ജനകീയ സഹകരണവും വേണം.
സി. ജന ചന്ദ്രൻ
സെക്രട്ടറി
തഴവ ഗ്രാമ പഞ്ചായത്ത്.