
ഒന്നും നടന്നില്ലെന്ന് യു.ഡി.എഫ് വിമർശനം
കൊല്ലം: വലിയ ഭൂരിപക്ഷത്തോടെ ജില്ലാ പഞ്ചായത്ത് ഭരണം നേടാൻ ഇടത് മുന്നണിക്കൊപ്പം നിന്ന ഡിവിഷനാണ് ഓച്ചിറ. ആലപ്പുഴയോട് അതിർത്തി പങ്കിടുന്ന ഇവിടെ സാദ്ധ്യമായ വികസനങ്ങളെല്ലാം നടത്തിയെന്നാണ് ഇടത് നിലപാട്. കോൺഗ്രസിന്റെ അഡ്വ. എം.എ. ആസാദിനെ പരാജയപ്പെടുത്തിയാണ് സി.പി.ഐയുടെ യുവ നേതാവ് അഡ്വ. അനിൽ എസ്.കല്ലേലിഭാഗം കഴിഞ്ഞ തവണ വിജയിച്ചത്. എൽ.ഡി.എഫിന്റെ വികസന വാദങ്ങളെ തള്ളിക്കളഞ്ഞ് വീഴ്ചകളെ എടുത്ത് കാട്ടുകയാണ് യു.ഡി.എഫ്. ഓച്ചിറ, തഴവ, കുലശേഖരപുരം ഡിവിഷനുകൾ ചേരുന്നതാണ് ഓച്ചിറ ഡിവിഷൻ.
(ലീഡ്)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് കേളികൊട്ടായി. ജില്ലയിൽ 26 ജില്ലാ പഞ്ചായത്തുകളാണുള്ളത്. ഡിസംബറിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് കഴിഞ്ഞ അഞ്ചുവർഷത്തെ വികസനവും വിമർശനവുമാണ് 'നിങ്ങൾ എന്തു ചെയ്തു, ഞങ്ങൾ ഒത്തിരി ചെയ്തു' എന്ന പംക്തിയിലൂടെ കേരളകൗമുദി വായനക്കാരിലേക്ക് എത്തിക്കുന്നത്.
ഭരണപക്ഷം
1. ഓച്ചിറ ഗവ. എച്ച്.എസ്.എസ്, തഴവ ഗവ. എച്ച്.എസ്.എസ് എന്നിവ ഹൈടെക്കാക്കി
2. ഓച്ചിറ വയനകം ജംഗ്ഷൻ മുതൽ തങ്കയ്യത്ത് ജംഗ്ഷൻ വരെ 53 ലക്ഷം മുടക്കി മാതൃകാ റോഡ്. നിരവധി റോഡുകൾ നവീകരിച്ചു
3. ഓച്ചിറയിൽ പകൽ വീടിന്റെ നിർമ്മാണം പൂർത്തീകരണത്തിലേക്ക്
4. തഴവയിലെ കുടുംബശ്രീ അംഗങ്ങളായ 20 പട്ടികജാതി വനിതകൾക്ക് സ്വയം തൊഴിലിന് ആധുനിക തയ്യൽ യന്ത്രങ്ങൾ
5. തഴവയിലെ കുടുംബശ്രീ അംഗങ്ങളായ 20 പട്ടികജാതി വനിതകൾക്ക് ആട് ഗ്രാമം പദ്ധതിയിലൂടെ ആട്
6. മണപ്പള്ളിയും കടത്തൂരിലുമായി രണ്ട് തേനീച്ച വളർത്തൽ യൂണിറ്റുകൾ
7. അപേക്ഷ സമർപ്പിച്ച അംഗവൈകല്യം ഉള്ള എല്ലാവർക്കും മുച്ചക്ര സ്കൂട്ടർ
8. ബട്ടർഫ്ലൈ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നുപേർക്ക് മോട്ടോർ ഘടിപ്പിച്ച വീൽചെയർ
9. മോഡൽ അങ്കണവാടികൾക്ക് ഉൾപ്പെടെ ഫണ്ട്
10. തൊടിയൂർ വട്ടക്കായലിന്റെ കാർഷിക സമൃദ്ധിക്കായി 40 ലക്ഷത്തിന്റെ സഹായം
11. പാറ്റുവേലി തോടിന് കുറുകെ വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന പാലം
12. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പാവുമ്പയിൽ ഉൾപ്പെടെ പദ്ധതികൾ
13. തിരഞ്ഞെടുത്ത ലൈബ്രറികൾക്ക് ലാപ്ടോപ്പ്, പ്രൊജക്ടർ, എൽ.ഇ.ഡി, തിരഞ്ഞെടുത്ത ക്ലബുകൾക്ക് കായിക ഉപകരണങ്ങൾ
അഡ്വ. അനിൽ.എസ് കല്ലേലിഭാഗം
സി.പി.ഐ
പ്രതിപക്ഷം
1. ജില്ലാ പഞ്ചായത്ത് പണം മുടക്കിയ റോഡുകളുടെ അവസ്ഥ ശോചനീയം
2. കൃത്യമായ അറ്റകുറ്റപ്പണികൾ റോഡുകളിലുണ്ടായില്ല
3. കാർഷിക ഉത്പാദന മേഖലയിൽ നേട്ടങ്ങളൊന്നുമില്ല
4. കർഷകർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സൗകര്യം ഒരുക്കിയില്ല
5. ക്ഷീര കർഷകരെ സഹായിക്കാൻ പദ്ധതികളില്ല
6. ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ എല്ലാ മേഖലകളിലേക്കുമെത്തിയില്ല
7. അങ്കണവാടികളിൽ ആവശ്യമായ ശ്രദ്ധയും സഹായവും ഇല്ല
8. എല്ലാ വിഭാഗം സാധാരണക്കാർക്കും സഹായം ലഭിക്കുന്ന പദ്ധതികളില്ല
9. കുടിവെള്ളം നൽകാൻ പ്രയോജനം ലഭിക്കുന്ന പ്രവർത്തനങ്ങൾ ഇല്ല
10. ആരോഗ്യ മേഖലയിൽ ഇടപെടൽ ഉണ്ടായില്ല
11. പദ്ധതികൾ പ്രത്യേക മേഖളകളിൽ ഒതുങ്ങി
12. വികസന പിന്നാക്കാവസ്ഥ ജനങ്ങൾക്കിടയിൽ ചർച്ചയാക്കും
13. വരുന്ന തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുക തന്നെ ചെയ്യും
നീലികുളം സദാനന്ദൻ
കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് പ്രസിഡന്റ്