
കൊല്ലം: കേരളാ കോൺഗ്രസ് ജോസ്.കെ. മാണി വിഭാഗം ഇടതിലെത്തിയത് സി.പി.എമ്മിലെയും സി.പി.ഐയിലെയും ജില്ലാ നേതാക്കൾക്ക് പലവിധ പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. സി.പി.എമ്മിന്റെ പല സീറ്റുകളും ജോസ് കെ.മാണിക്കുവേണ്ടി ഒഴിഞ്ഞുകൊടുക്കാൻ തയ്യാറായിട്ടുണ്ട്. പക്ഷേ സി.പി.ഐ അത്രയങ്ങ് അടുക്കാതെ നിൽക്കുകയാണ്.
സി.പി.ഐക്കാർക്ക് ആകെ കിട്ടുന്ന സീറ്റുകളിൽ നിന്ന് പിന്നെയും വീതം വയ്ക്കേണ്ടി വരുന്നത് ഇഷ്ടക്കേടുണ്ടാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ്.കെ.മാണി ചോദിച്ചിട്ടുള്ളത് അഞ്ച് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളാണ്. അഞ്ച് ചോദിക്കുമ്പോൾ കുറഞ്ഞത് രണ്ടെങ്കിലും കൊടുക്കേണ്ടെ. എവിടുന്ന് കൊടുക്കും. രണ്ടെണ്ണം കൊടുത്താലും അതെല്ലാം, സി.പി.എമ്മിന്റെ തന്നെയാകണമെന്നുമില്ല. എടുത്തുകൊടുക്കാൻ വേറെ സി.പി.ഐയുടെ അല്ലാതെ സീറ്റുകളുമില്ല.
എട്ട് ബ്ലോക്ക് ഡിവിഷനുകളും 30 പഞ്ചായത്ത് വാർഡുകളും അഞ്ച് കോർപ്പറേഷൻ ഡിവിഷനുകളുമാണ് സി.പി.എമ്മിനോട് ജോസ്.കെ. മാണി വിഭാഗം ആവശ്യപ്പെട്ടിട്ടുള്ളത്. കാര്യങ്ങളൊക്കെ സി.പി.ഐക്കാരെ കൂടി അറിയിക്കാൻ സി.പി.ഐ ജില്ലാ കമ്മിറ്റിക്കും ഇതിന്റെ കോപ്പി നൽകിയിട്ടുണ്ടെന്നാണ് കേൾക്കുന്നത്.
മൂന്നോ നാലോ ബ്ലോക്ക് ഡിവിഷനും 20 വാർഡുകളും രണ്ട് കോർപ്പറേഷൻ വാർഡുകളുമാണ് ജോസ്.കെ. മാണിയുടെ പാർട്ടിക്കാർ ഏറ്റവും കുറഞ്ഞത് പ്രതീക്ഷിക്കുന്നത്. കുറച്ചെങ്കിലും കിട്ടണമെങ്കിൽ സി.പി.ഐക്കാർ കൂടി കനിഞ്ഞേ പറ്റൂ. എന്തായാവും നിയമസഭയ്ക്ക് കൊല്ലത്തെ ഒരു സീറ്റു പോലും വിട്ടുകൊടുക്കാൻ സി.പി.ഐ തയ്യാറല്ല. എന്നാൽ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് ഡിവിഷനുകളിലും വാർഡുകളിലും കോർപ്പറേഷനിലും സി.പി.ഐ കനിഞ്ഞേ മതിയാവൂ. ഇല്ലെങ്കിലും തുടക്കത്തിലെ മുന്നണിയിലെ കല്ലുകടി കണ്ട് ജോസ്.കെ. മാണിയെങ്ങാനും വീണ്ടും യു.ഡി.എഫിൽ പോയാലോ. പക്ഷേ സി.പി.ഐക്കാർ ഒന്ന് ഉറപ്പിച്ചു പറയുന്നുണ്ട്. എന്തുവന്നാലും വിജയ സാദ്ധ്യതയുള്ള ഞങ്ങളുടെ ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്ന്.