 
പത്തനാപുരം: കാട്ടാനയോ കാട്ടുപന്നിയോ അല്ല ഇവിടുത്തെ ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നത്. കൂട്ടമായി എത്തുന്ന കുരങ്ങുകളാണ്. പട്ടാഴി ഗ്രാമ പഞ്ചായത്തിൽ പനയനം, മീനം, മയിലാടുംപാറ,ഏറത്ത് വടക്ക്, പന്തപ്ലാവ്,പുളി വിള തുടങ്ങിയ പ്രദേശങ്ങളിലാണ് കുരങ്ങുകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കുരങ്ങുകൾ വീടുകളിലെ കുടിവെള്ളടാങ്കുകൾ തുറന്ന് ടാങ്കിനുള്ളിലിറങ്ങി വെള്ളം നശിപ്പിക്കുന്നത് പതിവാണ്. പലപ്പോഴും കുരങ്ങുകൾ ടാങ്കിലെ വെള്ളത്തിൽ ഇറങ്ങിയത് അറിയാതെ കുടിക്കാൻ ഉപയോഗിച്ചവരും നിരവധിയാണ്.
നാശനഷ്ടങ്ങൾ ചെറുതല്ല
കാർഷിക വിളകൾ നശിപ്പിക്കാനും കുരങ്ങന്മാർ മോശക്കാരല്ല. ചക്ക, മാങ്ങ, ഓമക്ക,പേര,തേങ്ങ തുടങ്ങിയ ഫലങ്ങൾ വീട്ടുകാർക്ക് കിട്ടാറില്ല. തെങ്ങിൽ വെള്ളക്ക ആകുമ്പോഴേക്കും കുരങ്ങുകൾ നശിപ്പിക്കും. കുരങ്ങുകളുടെ അക്രമം ഭയന്ന്കുട്ടികൾക്കോ സ്ത്രീകൾക്കോ വീടിന് പുറത്തിറങ്ങാനോ വഴി നടക്കാനോ കഴിയാത്ത സ്ഥിതിയാണ് . വീടിന്റെ കതകുകളോ ജനാലകളോ തുറന്നിടാൻ പറ്റില്ല. തുറന്ന് കിടന്നാൽ വീടിനുള്ളിൽ കയറിയാകും പരാക്രമം. തുണികളോ മറ്റ് വസ്തുക്കളോ പുറത്ത് ഉണക്കാൻ ഇട്ടാൽ നശിപ്പിക്കും.
തീറ്റയും വെള്ളവും തേടി
മയിലാടുംപാറ, പനയനം തുടങ്ങിയ കുന്നിൻ പുറങ്ങളിൽ മാത്രം കഴിഞ്ഞിരുന്ന കുരങ്ങുകൾ ഇപ്പോൾ തീറ്റയും വെള്ളവും തേടി ജനവാസമേഖലയിലേക്ക് എത്തുന്നതാണ്. മുൻപ് കുട്ടികൾക്കും സ്ത്രീകൾക്കും നേരെ അക്രമം ഉണ്ടായപ്പോൾ പ്രദേശവാസികളുടെ പരാതിയെ തുടർന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ച് കുറെ കുരങ്ങുകളെ വനത്തിലേയ്ക്ക് തുറന്ന് വിട്ടിരുന്നു.എന്നാൽ വീണ്ടും കുരങ്ങുകൾ കൂട്ടമായി എത്തി പ്രദേശങ്ങളിൽ നാശം വിതയ്ക്കുന്നു. നിയമം പേടിച്ച് കുരങ്ങുകളെ വലയിലാക്കാനോ ഉപദ്രവിക്കാനോ നാട്ടുകാർ ഭയക്കുന്നു. പട്ടാഴി പഞ്ചായത്തിൽ ജനവാസ മേഖലയിലെ കുരങ്ങുകളുടെ ശല്യം ഒഴിവാക്കാൻ വനം വകുപ്പോ പഞ്ചായത്ത് അധികൃതരോ വേണ്ടുന്ന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ജനവാസ മേഖലയിലെകുരങ്ങുകളുടെ ശല്യം ഒഴിവാക്കാൻ വനം വകുപ്പ് കൂട് സ്ഥാപിക്കണം.
മീനം രാജേഷ്.( ഗ്രാമ പഞ്ചായത്ത് അംഗം)
കുരങ്ങുകൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിന് നഷ്ടപരിഹാരം നല്കാൻ അധികൃതർ തയ്യാറാകണം. സാജു ഖാൻ (പൊതുപ്രവർത്തകൻ)