
 കൊല്ലം ജില്ലാ ആശുപത്രി മാസ്റ്റർപ്ളാൻ ടെണ്ടർ നടപടികളിലേക്ക്
കൊല്ലം: മെച്ചപ്പെട്ട ചികിത്സ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ കിഫ്ബിയുടെ കനിവ് കാക്കുകയാണ് കൊല്ലം ജില്ലാ ആശുപത്രി. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കുന്നതിന് സംസ്ഥാന സർക്കാരിന് സമർപ്പിച്ച 183 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ സാങ്കേതിക അംഗീകാരം ലഭിച്ചെങ്കിലും ടെണ്ടർ നടപടികൾക്ക് കാത്തിരിക്കുകയാണ് കൊല്ലം നിവാസികൾ.
സ്പെഷ്യാലിറ്റി ഒ.പികളും വിദഗ്ദ്ധ ഡോക്ടർമാരുമില്ലാത്തതിന്റെ കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ജില്ലയിലെ ആതുരസേവനരംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കും.
ജില്ലാ ആശുപത്രി വളപ്പിൽ റോട്ടറി പേവാർഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് 11നിലകളിലായി സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഐ.പി ഉൾപ്പെടെ ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളേജിന് സമാനമായ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനമാണ് സൂപ്പർസ്പെഷ്യാലിറ്റി ബ്ളോക്കിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
വിവിധ വിഭാഗങ്ങളിലായി 22 ഒ.പികൾ പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിയിൽ യൂറോളജിക്ക് മാത്രമാണ് സ്പെഷ്യാലിറ്റിയുള്ളത്. കാത്ത് ലാബ്, ന്യൂറോളജി വിഭാഗങ്ങളിൽ വർക്കിംഗ് അറേഞ്ച്മെന്റ് ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുന്നത്. ന്യൂറോളജി, നെഫ്രോളജി, കാർഡിയോളജി വിഭാഗങ്ങളിൽ സ്പെഷ്യാലിറ്റികൾ സ്ഥിരമായി അനുവദിക്കണമെന്ന ശുപാർശയും സർക്കാരിന്റെ പരിഗണനയിലാണ്.
എക്സ് റേ, ഇ.സി.ജി, സ്കാനിംഗ് , ലബോറട്ടറി തുടങ്ങി വിവിധ പരിശോധനാ സംവിധാനങ്ങൾ ഒരേ കുടക്കീഴിൽ ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ എട്ട് നിലകളായുള്ള ഡയഗ്നോസ്റ്റിക്ക് ബ്ളോക്ക്, മോർച്ചറി, സ്റ്റാഫ് ക്വാർട്ടേഴ്സ്, കോൺഫറൻസ് ഹാൾ എന്നിവയ്ക്കായുള്ള അഞ്ചുനില കെട്ടിടം, മൾട്ടിലെവൽ പാർക്കിംഗ് തുടങ്ങി ബൃഹദ് പദ്ധതിയാണ് വരുന്നത്.
 നേട്ടങ്ങൾ ഇങ്ങനെ
1. ജില്ലാ ആശുപത്രിയിലെ സ്ഥലപരിമിതിക്ക് പരിഹാരമാകും
2. ന്യൂറോളജി, നെഫ്രോളജി, കാർഡിയോളജി വിദഗ്ദ്ധരുടെ മുഴുവൻസമയ സേവനം
3. അപകടങ്ങളിലുൾപ്പെടെ തിരു. മെഡിക്കൽ കോളേജിലേക്കുള്ള റഫറൻസ് ഒഴിവാക്കാം
4. ഡയലാലിസിസ് യൂണിറ്റ്, കാത്ത് ലാബ് എന്നിവ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഡോക്ടർമാരുടെ സേവനം താത്കാലികം
5. സ്പെഷ്യാലിറ്റി ആശുപത്രിയാകുന്നതോടെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ചികിത്സയും ലഭ്യമാകും
6. കൂടുതൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ആധുനിക ഫ്രീസർ സംവിധാനവും പോസ്റ്റ്മോർട്ടം ടേബിളും ഉൾപ്പെടെയുള്ള മോർച്ചറി
7. വാഹന പാർക്കിംഗ് പ്രശ്നം പരിഹരിക്കാൻ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം
 പദ്ധതി തുക: 183 കോടി
 കെട്ടിടം: 11നില
 നിലവിലുള്ള ഒ.പി: 22
''
കിഫ്ബി സഹായത്തോടെയുള്ള മാസ്റ്റർ പ്ളാന് ഭരണാനുമതിയും സാങ്കേതിക അംഗീകാരവും ലഭിച്ചു. ടെണ്ടർ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ പഞ്ചായത്തും ആരോഗ്യ വകുപ്പും.
സി. രാധാമണി, പ്രസിഡന്റ്,
ജില്ലാ പഞ്ചായത്ത്, കൊല്ലം